| Friday, 23rd September 2022, 3:29 pm

റഷ്യയിലെ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നു; രാജ്യം വിടാനൊരുങ്ങി ജനങ്ങൾ | D World

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരുതല്‍ സൈന്യം യുദ്ധത്തിനായി അണിനിരക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആഹ്വാനത്തിന് പിന്നാലെ റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. കരുതല്‍ സൈന്യത്തോട് യുദ്ധത്തിനായി അണിനിരക്കാന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവം. പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 1300ലേറെ പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും റഷ്യയിലെ 38 നഗരങ്ങളില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു.

അതേസമയം, പുടിന്റെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള പലായനവും തുടരുകയാണ്. എന്നാല്‍ റഷ്യന്‍ വിമാനക്കമ്പനികള്‍ പുറത്തേക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 18നും 65നും ഇടയിലുള്ളവര്‍ക്കു ടിക്കറ്റ് നല്‍കുന്നത് വിമാനക്കമ്പനികള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ് വിവരം.

റഷ്യയില്‍ നിന്ന് ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, കസാഖ്സ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയതായി മറ്റ് വിമാനക്കമ്പനികള്‍ അറിയിച്ചു. ജോര്‍ജിയ, ഫിന്‍ലന്‍ഡ് അതിര്‍ത്തികളില്‍ കരമാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ കിലോമീറ്ററുകള്‍ നീളുന്ന ക്യൂ ആണ് റോഡുകളില്‍.

പക്ഷേ, യുദ്ധഭൂമിയില്‍ നിലയുറപ്പിക്കാന്‍ കഴിവും പരിചയവുമുള്ളവരെ മാത്രമേ യുദ്ധത്തിനായി അണിനിരക്കാന്‍ വിളിപ്പിക്കുകയുള്ളൂ എന്നും, അത്തരത്തിലുള്ള രണ്ടരക്കോടിയിലധികം ആളുകള്‍ രാജ്യത്തുണ്ടെന്നും, അതില്‍ ഒരു ശതമാനം ആളുകളെ മാത്രമേ വിളിപ്പിക്കൂ എന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു.

ഏഴ് മാസത്തോളമായി തുടരുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സെപ്റ്റംബര്‍ തുടക്കം മുതല്‍ ഉക്രൈന്‍ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് റഷ്യ ഇപ്പോള്‍ കരുതല്‍ സൈനികരെ യുദ്ധത്തിനായി അണിനിരക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

‘ഇതൊരു മണ്ടത്തരമല്ല, ഞങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കാന്‍ എല്ലാ സന്നാഹങ്ങളും പയറ്റും’ എന്നാണ് യുദ്ധ പ്രഖ്യാപനത്തിന് ശേഷം പുടിന്‍ പാശ്ചാത്യ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

അതിനിടെ, സൈനിക നടപടി ആരംഭിച്ചശേഷം ഇതാദ്യമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ പരസ്പരം കൈമാറി. മരിയുപോളില്‍ അസോവാസ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് സംരക്ഷിക്കുന്നതിനിടെ പിടിയിലായ 10 വിദേശികള്‍ ഉള്‍പ്പെടെ 215 കമാന്‍ഡര്‍മാരെയും നേതാക്കന്മാരെയുമാണ് റഷ്യ കൈമാറിയത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുപ്പമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഇതു സാധ്യമാക്കിയത്.

അതേസമയം, റഷ്യ അനുകൂല വിമതര്‍ക്ക് സ്വാധീനമുള്ള ഡോണ്‍ബാസ് മേഖലയെ റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്നതിനു മുന്നോടിയായുള്ള ഹിതപരിശോധന ഇന്നാരംഭിക്കും. ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, സാപൊറീഷ്യ പ്രവിശ്യകളിലാണ് റഷ്യ അനുകൂല പ്രാദേശിക ഭരണകൂടങ്ങള്‍ 27 വരെ ഹിതപരിശോധന നടത്തുന്നത്.

ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണക്കുന്ന ലുഹാന്‍സ്‌ക് പീപിള്‍സ് പബ്ലിക് (എല്‍.പി.ആര്‍), ഡൊനെറ്റ്സ്‌ക് പീപിള്‍സ് റിപ്പബ്ലിക് (ഡി.പി.ആര്‍) എന്നീ സ്വയം പ്രഖ്യാപിത ഭരണകേന്ദ്രങ്ങളാണ് ഹിത പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

എല്‍.പി.ആര്‍ നിയന്ത്രിക്കുന്ന റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ഹിത പരിശോധനയ്ക്കുള്ള നിയമം പാസാക്കിയിട്ടുണ്ട്. റഷ്യ 95 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ കെഴ്‌സണ്‍ മേഖലയിലും ഹിത പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. ആണവ നിലയം സ്ഥിതി ചെയ്യുന്ന സപൊറീഷ്യയിലും റഷ്യന്‍ അനുകൂല ഭരണനേതൃത്വം ജനങ്ങളുടെ തീരുമാനമറിയാന്‍ വോട്ടെടുപ്പിനൊരുങ്ങുകയാണ്.

ഉക്രൈയ്‌നും പാശ്ചാത്യരാജ്യങ്ങളും ഇത് അംഗീകരിക്കുന്നില്ല. ഇതേസമയം, റഷ്യയ്ക്കു വേണ്ടി ഉക്രൈയ്‌നില്‍ യുദ്ധത്തിന് പോകുന്നതില്‍ നിന്ന് ഉസ്ബക്കിസ്ഥാന്‍ തങ്ങളുടെ പൗരന്മാരെ വിലക്കിയിട്ടുണ്ട്. ഒട്ടേറെ ഉസ്‌ബെക്ക് പോരാളികളെ ഉക്രൈയ്ന്‍ തടവുകാരായി പിടിച്ചിരുന്നു.

അതേസമയം, ഉക്രൈനില്‍ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ പ്രത്യേക ട്രൈബ്യൂണല്‍ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ഒരു രാജ്യത്തിന്റെ പ്രദേശങ്ങള്‍ മറ്റൊരു രാജ്യം സ്വന്തമാക്കുന്നത് യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Content highlight: Anti-war protesters arrested in Russia; More Than 1,300 People Arrested

ഡൂള്‍ന്യൂസ് ഡെസ്‌ക്