| Friday, 23rd September 2022, 9:18 am

റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു; 1300 പേര്‍ അറസ്റ്റില്‍, പലായനം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. കരുതല്‍ സൈന്യത്തോട് യുദ്ധത്തിനായി അണിനിരക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവം. പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 1300ലേറെ പേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്.

യുദ്ധവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും റഷ്യയിലെ 38 നഗരങ്ങളില്‍ പ്രക്ഷോഭം നടന്നു.

അതേസമയം, കരുതല്‍ സൈന്യം യുദ്ധത്തിനായി അണിനിരക്കണമെന്ന പുടിന്റെ ആഹ്വാനത്തിന് പിന്നാലെ റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള പലായനം തുടരുകയാണ്. എന്നാല്‍ റഷ്യന്‍ വിമാനക്കമ്പനികള്‍ പുറത്തേക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 18നും 65നും ഇടയിലുള്ളവര്‍ക്കു ടിക്കറ്റ് നല്‍കുന്നത് വിമാനക്കമ്പനികള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ് വിവരം.

റഷ്യയില്‍ നിന്ന് ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, കസാഖ്സ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയതായി മറ്റ് വിമാനക്കമ്പനികള്‍ അറിയിച്ചു. ജോര്‍ജിയ, ഫിന്‍ലന്‍ഡ് അതിര്‍ത്തികളില്‍ കരമാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ കിലോമീറ്ററുകള്‍ നീളുന്ന ക്യൂ ആണ് റോഡുകളില്‍.

പക്ഷേ, യുദ്ധഭൂമിയില്‍ നിലയുറപ്പിക്കാന്‍ കഴിവും പരിചയവുമുള്ളവരെ മാത്രമേ യുദ്ധത്തിനായി അണിനിരക്കാന്‍ വിളിപ്പിക്കുകയുള്ളൂ എന്നും, അത്തരത്തിലുള്ള രണ്ടരക്കോടിയിലധികം ആളുകള്‍ രാജ്യത്തുണ്ടെന്നും, അതില്‍ ഒരു ശതമാനം ആളുകളെ മാത്രമേ വിളിപ്പിക്കൂ എന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു.

ഏഴ് മാസത്തോളമായി തുടരുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സെപ്റ്റംബര്‍ തുടക്കം മുതല്‍ ഉക്രൈന്‍ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് റഷ്യ ഇപ്പോള്‍ കരുതല്‍ സൈനികരെ യുദ്ധത്തിനായി അണിനിരക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

‘ഇതൊരു മണ്ടത്തരമല്ല, ഞങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കാന്‍ എല്ലാ സന്നാഹങ്ങളും പയറ്റും’ എന്നാണ് യുദ്ധ പ്രഖ്യാപനത്തിന് ശേഷം പുടിന്‍ പാശ്ചാത്യ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച് ഹിത പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണക്കുന്ന ലുഹാന്‍സ്‌ക് പീപിള്‍സ് പബ്ലിക് (എല്‍.പി.ആര്‍), ഡൊനെറ്റ്‌സ്‌ക് പീപിള്‍സ് റിപ്പബ്ലിക് (ഡി.പി.ആര്‍) എന്നീ സ്വയം പ്രഖ്യാപിത ഭരണകേന്ദ്രങ്ങളാണ് ഈ മാസം 23 മുതല്‍ 27 വരെ ഹിത പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

എല്‍.പി.ആര്‍ നിയന്ത്രിക്കുന്ന റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ഹിത പരിശോധനയ്ക്കുള്ള നിയമം പാസാക്കി. റഷ്യ 95 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ കെഴ്സണ്‍ മേഖലയിലും ഹിത പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. ആണവ നിലയം സ്ഥിതി ചെയ്യുന്ന സപൊറീഷ്യയിലും റഷ്യന്‍ അനുകൂല ഭരണ നേതൃത്വം ജനങ്ങളുടെ തീരുമാനമറിയാന്‍ വോട്ടെടുപ്പിനൊരുങ്ങുകയാണ്.

അതേസമയം, ഉക്രൈനില്‍ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ പ്രത്യേക ട്രൈബ്യൂണല്‍ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ഒരു രാജ്യത്തിന്റെ പ്രദേശങ്ങള്‍ മറ്റൊരു രാജ്യം സ്വന്തമാക്കുന്നത് യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Content highlight: Anti-war protesters arrested in Russia; More Than 1,300 People Arrested

We use cookies to give you the best possible experience. Learn more