| Friday, 9th February 2024, 5:05 pm

INTERVIEW: പ്രതീക്ഷ, ഇസ്രഈലില്‍ ഉയരേണ്ട ഇടതുപക്ഷത്തിലും ഫലസ്തീനികളുടെ വിപ്‌ളവത്തിലും

എലിസബത്ത് ബ്ലേഡ്

ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിനു ശേഷം ഇസ്രഈലി സൈന്യം ഗസയ്ക്ക് നേരെ യുദ്ധം തുടങ്ങിയിട്ട് നാല് മാസത്തോളമായി. ഇതുവരെ 26,000 ഫലസ്തീനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു . ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലിനു മേല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ട്. എന്നാല്‍ ഇസ്രഈല്‍ വെടിനിര്‍ത്തലിനു തയ്യാറാകുന്നില്ല. അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വേ് സൂചിപ്പിക്കുന്നത് 87% ഇസ്രായേലി ജൂതന്മാര്‍ ഈ ആക്രമണത്തെ പിന്തുണക്കുന്നുവെന്നാണ്.

എന്നിരുന്നാലും, ഈ ഭൂരിപക്ഷ കാഴ്ചപ്പാട് പിന്തുടരാന്‍ വിസമ്മതിക്കുന്നവരും ഇസ്രഈലിലുണ്ട്. ഹൃദയം കൊണ്ട് സംവദിക്കുന്ന കുറച്ച് ഇസ്രഈലികള്‍ സമാധാനത്തിന് വേണ്ടി വാദിക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു.

ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന, യുദ്ധവിരുദ്ധ പ്രവര്‍ത്തകരായ വടക്കന്‍ ഇസ്രായേലിലെ ഹൈഫ നിവാസിയായ 23 വയസ്സുള്ള ഒരു ജൂത വിദ്യാര്‍ത്ഥിയായ ഗിയ ഡാന്‍ലിനോടും ഒരു അറബ് ജിയോളജിസ്റ്റായ ഡോ. സലിം അബ്ബാസിനോടും. ആര്‍. ടി മിഡില്‍ ഈസ്റ്റ് ലേഖകനായ എലിസബത്ത് ബ്ലേഡ്  സംസാരിക്കുന്നു.

‘നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയതിന് ന്യായീകരണമില്ല’

ചോദ്യം: ഒന്നാമതായി, ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണം നിങ്ങളെ എങ്ങനെ സ്വാധീനിച്ചു? നിങ്ങളുടെ പ്രതികരണം എന്തായിരുന്നു?

ഡാന്‍: ഞാന്‍ അപ്പോള്‍ എന്റെ സ്വദേശമായ ബേര്‍-ശേബയിലായിരുന്നു. പഠനാവശ്യങ്ങള്‍ക്കായി ഒരു അപ്പാര്‍ട്ട്മെന്റ് വാടകക്കെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. കാനഡയില്‍ നിന്നും ഞാന്‍ തിരിച്ചെത്തിയിട്ടുണ്ടായിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ സമയം ഞാന്‍ ശരിക്കുമൊരു രോഗിയായിരുന്നു.

പെട്ടെന്നാണ് സൈറണ്‍ മുഴങ്ങുന്നത് കേട്ടത്. ആരോഗ്യപ്രശ്നം കൂടിയുള്ളതു കൊണ്ട് ആ നിമിഷമെനിക്ക് ശരിക്കും ബുദ്ധിമുട്ടനുഭവപ്പെട്ടു. രോഗവസ്ഥയിലായതുകൊണ്ട് ശരിക്കും തളര്‍ന്ന അവസ്ഥയിലായിരുന്നു. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുഴങ്ങിയ മട്ടായിരുന്നു.

ഏതാണ്ട് രണ്ട് മണിക്കൂറിനു ശേഷമാണ് ചുറ്റും സംഭവിക്കുന്നതെന്തെന്ന് ചെറിയൊരു ധാരണയുണ്ടായത്. പെട്ടെന്ന് തന്നെ ഞങ്ങള്‍ തൊട്ടടുത്തുള്ള ഷെല്‍റ്ററിലേക്ക് മാറി. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ളവര്‍ക്കൊന്നും ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ പ്രത്യാഘാതങ്ങളെ കുറിച്ചോ ഒന്നും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എവിടെയോ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്നുള്ള ഒരു പറച്ചില്‍ മാത്രമേ അപ്പോഴറിയുമായിരുന്നുള്ളൂ.

അടുത്ത ദിവസം ഞാന്‍ ഹൈഫയിലേക്ക് മടങ്ങി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പതുക്കെപ്പതുക്കെ മനസ്സിലാക്കാന്‍ തുടങ്ങി. ആ നിമിഷം പ്രധാനമായും എനിക്കുള്ളിലനുഭവപ്പെട്ടത് വളരെ ആഴത്തിലുള്ള അസഹനീയമായ വേദനയായിരുന്നു.

എന്നെങ്കിലും ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എല്ലാറ്റിനും ഒരു പരിധിയൊക്കെയുണ്ട്. ഒന്നിനെയും ഒരു പരിധിയില്‍ക്കവിഞ്ഞു നിസ്സാരമാക്കരുത്.

ഗസയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കമുണ്ടാകുമ്പോള്‍ എന്തൊരു ധിക്കാരമാണ് ഇപ്പോള്‍ ഈ കാണിക്കുന്നത്. എന്തുവന്നാലും വേദന വളരെ ആഴമേറിയതും ഉണങ്ങാന്‍ പാടുള്ളതുമാണ്- ഇപ്പോള്‍ മരിച്ചുപോയ നിരപരാധികളായ മനുഷ്യര്‍ക്കും നാളെ മരിക്കാന്‍ പോകുന്നവര്‍ക്കും.

അബ്ബാസ്: ഞങ്ങളെയെല്ലാവരെയും സംബന്ധിച്ചിടത്തോളം ഒക്ടാബര്‍ എഴിലെ സംഭങ്ങള്‍ ശരിക്കും അപ്രതീക്ഷിതമായിരുന്നു. ഈയൊരു നീക്കം എന്നെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ഇതൊന്നും എനിക്കിപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല.

ഫലസ്തീനിയന്‍ സ്വാതന്ത്ര്യസമര പോരാളികള്‍ അധിനിവേശ സൈന്യത്തിന്റെയും ഫാസിസ്റ്റ് കൈയ്യേറ്റക്കാരുടെയും ഭാഗത്തു നിന്നുണ്ടാകുന്നത് പോലുള്ള അതിക്രമങ്ങളുടെയും അറപ്പുളവാക്കുന്നതും വേദനാജനകവുമായ പീഡനങ്ങളുടെ നിലവാരത്തിലേക്ക് തരംതാഴുമെന്ന് ഞങ്ങളെപ്പോലുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.

ഇസ്രഈലി സൈന്യത്തിന്റെയും അധികൃതരുടെയും ഭാഗത്തു നിന്നും തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന മാനഹാനിക്കും അടിച്ചമര്‍ത്തലിനും വിധേയമായി ജീവിക്കുന്നവരാണ് ഫലസ്തീന്‍ ജനത. ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന ബോധ്യത്തില്‍ ജീവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ന്യായമായ പോരാട്ടത്തില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചു. എന്നാല്‍ നിരപരാധികളായ പൗരജനങ്ങളെ കൊലപ്പെടുത്തുന്നത് മറ്റൊന്നിനും ന്യായീകരണമല്ല.

ഒക്ടോബര്‍ 7-ന്, ഞങ്ങള്‍ സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് അധിനിവേശ പ്രദേശത്തുള്ള കല്‍ഖില്യയ്ക്ക് സമീപമുള്ള ഒരു ഫലസ്തീനിയന്‍ ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു. ജൂത സുഹൃത്തുക്കളോടോപ്പം ഒലിവ് പറിക്കാന്‍ വേണ്ടിയായിരുന്നു ഞങ്ങളുടെ യാത്ര.

അന്ന് തുടങ്ങിയ വാര്‍ത്തകളുടെ കുത്തൊഴുക്ക് ഇന്നും നിന്നിട്ടില്ല. ഇത്രയും ദിവസമായിട്ടും. മഹാദുരന്തത്തിന്റെ ആഴവും വ്യാപ്തിയും അതിന്റെ പരാജയവും വളരെ വലുതാണ്. ഇതു മൂലം എനിക്ക് എന്റെ നല്ല സൗഹൃദങ്ങള്‍ പലതും നഷ്ടമായി. ചിലരെ ഇപ്പോഴും തട്ടിക്കൊണ്ടു പോകുകയാണ്. അതിന്റെ കണക്കൊന്നും ഇതുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.

‘ഇത് ശുദ്ധമായ പ്രതികാരമാണ്’

ചോദ്യം: യുദ്ധവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ്?

ഡാന്‍: ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് പിന്നാലെ യുദ്ധവിരുദ്ധ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തിടുക്കത്തില്‍ വീട്ടിന് വെളിയിലേക്ക് ഇറങ്ങിയ ആളല്ല ഞാന്‍. ഇനിയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷെ സമയം കടന്നുപോയതേയുള്ളൂ.

ഗസ്സയില്‍ മൃദദേഹങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ മദ്ധ്യസ്ഥതയിലൂടെയുള്ള ഒരു സന്ധിസംഭാഷണം നമ്മുടെ സംസ്‌കാരത്തില്‍ ഇല്ലാത്ത ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്കു യുദ്ധോന്മുഖമായ ആക്രമണ ഭാഷ മാത്രമേ അറിയുകയുള്ളൂ. ‘അവര്‍ ഞങ്ങളെ കശാപ്പു ചെയ്തു. അതിനാല്‍ തിരിച്ചും അതേ നാണയത്തില്‍ തന്നെ ഞങ്ങളും അവരെ കൊന്നൊടുക്കും’- ഈ നയം ശുദ്ധ പ്രതികാരമാണ്.

എനിക്കെന്റെ ഭാഗത്തു നിന്നുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവില്ല. ഒക്ടോബര്‍ 7 ന് നടന്ന ആ വലിയ സംഭവങ്ങള്‍ എന്തുകൊണ്ട് ഉണ്ടായി? അവര്‍ക്കു വേണ്ടി ആ വലിയ കാന്‍വാസില്‍ ഉണ്ടായ സംഭവങ്ങളെ അവഗണിക്കാന്‍ ഞാന്‍ തയ്യാറല്ല.

ആളുകളെ കൂട്ടക്കൊല ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. അല്ലെങ്കില്‍ ഞങ്ങളുടെ ഗ്രീന്‍ ലൈനിന് പുറത്ത് സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാന്‍ ഞാന്‍ തയ്യാറല്ല. ഇതെല്ലാം ചെയ്യുന്നത് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണെന്ന് കള്ളം പറയാന്‍ ഞാന്‍ തയ്യാറല്ല.

കൂടാതെ, തൊട്ടടുത്തിരുന്നു കൊണ്ട് മുന്നിലുള്ള ലോകം കത്തുന്നത് കാണാന്‍ തയ്യാറുള്ളവരോട് എനിക്ക് വെറുപ്പാണ്. എനിക്കീ പ്രിവിലേജ് വേണ്ട.

അബ്ബാസ്: ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനും കുറ്റകൃത്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പൗരന്മാരുടെ കോര്‍ഡിനേറ്ററുമാണ്. അത് നിലവിലെ പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദുവിലെന്നെ എത്തിച്ചു. ഉത്തരവാദിത്തബോധമുള്ള പൗരനെന്ന നിലയില്‍ വേലിക്ക് മുകളില്‍ ഇരിക്കുന്ന ശീലം എനിക്കില്ലായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി വലതുപക്ഷ ഫാസിസ്റ്റ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ഭ്രാന്തമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. അതുകൊണ്ട് ഒരു പൗരനെന്ന നിലയില്‍ പരിഷ്‌കൃതവും എല്ലാ ജനങ്ങളെയും ഒരു പോലെ പരിഗണിക്കുന്നതുമായ ജനാധിപത്യരാഷ്ട്രത്തെ കുറിച്ച് എനിക്ക് ഒരു സ്വപ്‌നവും കാഴ്ചപ്പാടുമുണ്ട്. അതിനുവേണ്ടി എനിക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈയോരു കാഴ്ചപ്പാട് എന്നില്‍ ബീജാവാപം നടത്തിയത് എന്റെ കുടുംബം തന്നെയാണ്. അവരാണെന്റെ പ്രചോദനവും.

പടിഞ്ഞാറന്‍ നസ്രേത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന വേരോടെ നശിപ്പിക്കപ്പെട്ട മാലൂല്‍ എന്ന ഗ്രാമത്തിലാണ് അവര്‍ ജനിച്ചത്. എന്റെ പിതാവ് ജീവിതകാലം മുഴുവന്‍ നടത്തിയ പോരാട്ടം ന്യായമായിരുന്നു.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്. നല്ല രീതിയിലുള്ള മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട് എനിക്കിപ്പോള്‍.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ടത്തോട് സഹകരിച്ച് സമാധാനത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു പരിഷ്‌കൃത രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും എനിക്ക് പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമുണ്ട്.

‘ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ നമുക്ക് കഴിയൂ’

ചോദ്യം: നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ എത്രത്തോളം സ്വതാന്ത്യം ഉണ്ട്? ഇത്തരം പ്രതിഷേധങ്ങള്‍ നമുക്ക് പലപ്പോഴും കാണാന്‍ കഴിയാറില്ല.

ഡാന്‍: ഇക്കഴിഞ്ഞ ഒക്ടോബര്‍ 7 ന് മുമ്പ് വരെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. അതിനേക്കാളും ബുദ്ധിമുട്ടായിരുന്നു ഫലസ്തീനിയന്‍ പതാക ഉയര്‍ത്തുന്നത്. പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്ന സമയങ്ങളില്‍ ഞങ്ങള്‍ അതിനായി എണ്ണമറ്റ ശ്രമങ്ങള്‍ നടത്തിയിരുന്നു. അപ്പോഴെല്ലാം പൊലീസ് ഓഫീസര്‍മാരെ ചൂടാക്കാനയെന്നു മാത്രം.

ചിലപ്പോഴവര്‍ ഞങ്ങളുടെ പതാകകള്‍ എടുത്തുകൊണ്ടുപോകുമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ അറസ്റ്റിലുമാകുമായിരുന്നു. ചുരുക്കം ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു നേരെ ചെറിയ തോതിലാണ് പൊലീസിന്റെ അതിക്രമമെങ്കില്‍ ചിലയവസരങ്ങളില്‍ വളരെയധികവുമായിരുന്നു.

പക്ഷെ ഞങ്ങള്‍ ഇതിനെയെല്ലാം കൈകാര്യം ചെയ്തു- പൊലീസുമായി ചര്‍ച്ചയിലേര്‍പ്പെടുകയും അതിന്റെ ഭാഗമായി ചില ധാരണയിലെത്താനും കഴിഞ്ഞു. അതുകൊണ്ടാണ് പ്രതിഷേധവേളകളില്‍ ചെറിയ ഫലസ്തീനിയന്‍ പതാകകള്‍ ഞങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്നത്.

യുദ്ധത്തിനെതിരായി ഏതുതരത്തിലുള്ള പ്രതിഷേധത്തെയും പ്രകടനത്തെയും പോലീസ് യാതൊരു ദയാദാക്ഷീണ്യവുമില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. അതിപ്പോള്‍ ടെല്‍ അവീവിലോ, ജറുസലേമിലോ, ഹൈഫയിലോ ആകട്ടെ ഏതൊരു നീക്കത്തെയും അവര്‍ തകര്‍ത്തു കളയുകയാണ്. വായ മൂടിക്കെട്ടിയ അവസ്ഥയാണ് എല്ലായിടങ്ങളിലും.

ഇസ്രഈലിന് മുന്നില്‍ യുദ്ധമല്ലാതെ വേറെയൊരു വഴിയും തിരഞ്ഞെടുക്കാനില്ലായിരുന്നു എന്നു പറഞ്ഞാണവര്‍ ഈ കടന്നുകയറ്റത്തെ ന്യായീകരിക്കുന്നത്. എപ്പോഴെല്ലാം നമ്മള്‍ പ്രതിഷേധിക്കാനിറങ്ങിയോ അപ്പോഴെല്ലാം നമ്മളെ ഒറ്റുുകാരനെന്നും ജൂതന്മാരെ വഞ്ചിച്ചവനെന്നും യഹൂദ വിരോധിയെന്നുമെല്ലാം വിളിച്ചു. അങ്ങനെ ഞങ്ങളുടെ ശബ്ദങ്ങളെ അപ്രസക്രമാക്കാനുള്ള ശ്രമമായിരുന്നു എപ്പോഴും അവര്‍ പിന്തുടര്‍ന്നത്.

ശനിയാഴ്ച നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രമായ ഹൈക്കോടതി പരിസരത്ത് ഒരു പ്രകടനം സംഘടിപ്പിച്ചു. അവിടെപ്പോലും പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നു. പൊലീസ് നമ്മുടെ കൈയിലുണ്ടായിരുന്ന ഓരോരോ ബാനറും പരിശോധിച്ചു. ബാനറിലെഴുതിയിരുന്ന ”കൂട്ടക്കൊല”, ”ഫലസ്തീന്‍” തുടങ്ങിയ വാക്കുകള്‍ പൊലീസുദ്യോഗസ്ഥരെ വല്ലാതെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇതവരെ ശരിക്കും അക്രമാസക്തരാക്കുകയും ചെയ്തു.

പൊലീസ് പരിശോധന കൂടിയതുകൊണ്ട് തന്നെ ആശയപ്രചരണത്തിനുള്ള ഉപാധിയെന്ന നിലയില്‍ ഭാഷയെ ഏതു രീതിയിലാണ് അവതരിപ്പിക്കേണ്ടതെന്ന് ഞങ്ങള്‍ തുടര്‍ച്ചയായി ചിന്തിക്കുന്നുണ്ട്. കാരണം പ്രകടനത്തിന് മുമ്പ് ഞങ്ങളുടെ ബാനറുകളും മറ്റും പൊലീസ് എടുത്തുകൊണ്ടു പോകാതിരിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്.

പൊലീസിന്റെ അക്രമാസക്തമായ അതിക്രമം ഞങ്ങള്‍ക്ക് വലിയ തലവേദനയാണിപ്പോള്‍. തങ്ങളെ അറസ്റ്റ് ചെയ്യുകയോ മര്‍ദ്ദിക്കുകയോ ചെയ്യുമെന്ന ഭയം മൂലം ആളുകള്‍ വീടിന് പുറത്തിറങ്ങാന്‍ തന്നെ മടിയുള്ളവരായി മാറിയിട്ടുണ്ട് ഇപ്പോള്‍. അടുത്ത പ്രധാനപ്രശ്നം പൊലീസ് കൃത്യമായി തങ്ങളെ ഹൈഫയിലെ പ്രധാനപ്പെട്ട പ്രതിഷേധ സമരങ്ങളുടെ ആളുകളാണെന്ന് മാര്‍ക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ നിരന്തരമായി രാഷ്ട്രീയ വേട്ടയാടലിന് ഇരയാക്കി ഞങ്ങളെ പീഡിപ്പിക്കുമോ എന്നു ഭയക്കുന്നുണ്ട്.

ഈ ഭയമാണ് ജനങ്ങളെ പ്രതിഷേധ പരിപാടികളില്‍ നിന്നെല്ലാം പിന്തിരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അബ്ബാസ്: സൈന്യം നടത്തുന്ന അധിനിവേശത്തിനും കീഴ്പ്പെടുത്തലിനും ശേഷം നടക്കുന്ന അനീതികള്‍ക്ക് എതിരെ ശബ്ദിക്കുന്നതും പ്രകടനം നടത്തുന്നതും എല്ലായ്പ്പോഴും അധികാരവര്‍ഗ്ഗത്തിന് പ്രശ്നമായിരുന്നു. എന്നാല്‍ ഈയടുത്ത മാസങ്ങളിലായി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയായിരുന്നു.

രാഷ്ടീയവും സാമൂഹികവുമായ സമൂല പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്ന അറബ്, ജൂത പൗരന്മാര്‍ക്കു മേല്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ തുടര്‍ന്നാണ് ഈ സ്ഥിതി സംജാതമായത്. ഗസയിലെ മനുഷ്യരെ കൂട്ടക്കൊലയിലൂടെ ഉന്മൂലനം ചെയ്യുന്നതിനെതിരെ നടത്തുന്ന സമരങ്ങളെയെല്ലാം നിരോധിച്ചത് ഞങ്ങളെ നന്നായിട്ട് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

പൊലീസിന്റെയും ഇസ്രഈലി ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെന്നും (ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സി – ED.) നമുക്ക് മുകളില്‍ അടിച്ചേല്‍പിക്കുന്ന നിയന്ത്രണങ്ങളും ഭീഷണികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.

എനിക്ക് നേരിട്ടനുഭവിക്കേണ്ടി വന്ന ഒന്നുണ്ട്- അപ്പോള്‍ എനിക്ക് ആദ്യമായി അനുഭവപ്പെട്ടത് കടുത്ത ഭയവും നിരാശയും ആയിരുന്നു. 1949 മുതല്‍ 1966 വരെ അറബ് സമൂഹത്തിനു മേല്‍ രാജ്യം അടിച്ചേല്‍പ്പിച്ച സൈനിക നിയമത്തിന്റെ കാലഘട്ടത്തിലേക്ക് എന്നെ കൊണ്ടുപോയതു പോലെയാണ് എനിക്ക് തോന്നിയത്. രാഷ്ട്രീയമായ വേട്ടയാടലും അടിച്ചമര്‍ത്തലും അറസ്റ്റും ഉള്‍പ്പെട്ട ഒരു കാലഘട്ടം. എന്തൊക്കെയായാലും ഈ കാര്യങ്ങളെല്ലാം നമ്മെ ഒഴുക്കിനെതിരെ നീന്താന്‍ മാത്രമേ പ്രേരിപ്പിക്കുന്നുള്ളൂ.

നമുക്ക് മുന്നില്‍ പേടിപ്പിക്കുന്ന തരത്തില്‍ രക്തം തളംകെട്ടി നില്‍ക്കുന്നുണ്ടെങ്കിലും ഇതെല്ലാം നമുക്കുള്ളിലുള്ള ഉറവ വറ്റാത്ത മാനുഷികതയുടെ ചേര്‍ത്തുപിടിക്കലിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ.

”ഇസ്രഈലിന് വേണ്ടത് അക്രമോത്സുകരായ പൗരന്മാരെയാണ്”

ചോദ്യം: ഇസ്രഈലിന്റെ വളര്‍ന്നു വരുന്ന മാസ്മീഡിയകള്‍ എല്ലാത്തരം അഭിപ്രായങ്ങള്‍ക്കും പരിഗണന നല്‍കുന്നുവെന്നതില്‍ അവര്‍ അഭിമാനിക്കുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുമോ? ഇസ്രഈലിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെയും അത് സൃഷ്ടിക്കുന്ന മൂല്യങ്ങളെയും നിങ്ങള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

ഡാന്‍:രണ്ട് ഇസ്രഈലിമാധ്യമങ്ങള്‍ മാത്രമാണ് എനിക്കെന്റെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള വേദി തന്നത്- സിഖ മെകോമിറ്റുും ഹാരെറ്റ്‌സും. മറ്റുള്ളവരൊന്നും എന്നെ ക്ഷണിക്കുന്നു പോലുമില്ല. മാധ്യമങ്ങളെല്ലാം യുദ്ധത്തിനനുകൂലമായി സൈന്യത്തിനു വേണ്ടി അണിനിരന്നിരിക്കുകയാണ്. അവരൊന്നും ഞങ്ങളെ പരിഗണിക്കുന്നുപോലുമില്ല.

കാരണം മറ്റൊരു ശബ്ദം പോലും പുറംലോകത്തെ കേള്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളെപോലുള്ള മനുഷ്യര്‍ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ അവര്‍ക്കൊരു താല്പര്യവുമില്ല.

നാസികളില്‍ നിന്നും ഗസയെ മോചിപ്പിക്കേണ്ടതിനെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഡി-നാസിഫിക്കേഷനെ കുറിച്ച്. ഇവിടയെന്ത് ഡി-നാസിഫിക്കേഷനാണ് ചെയ്യേണ്ടത്? ഇവിടെയുള്ള ആളുകള്‍ സംസാരിക്കുന്നത് കേട്ടു നോക്കൂ. അവര്‍ വേരോടെ ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.

മാധ്യമങ്ങള്‍ എന്താണോ കൊടുക്കുന്നത് അതാണ് അവര്‍ സംസാരിക്കുന്നതും.

ഇനി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചു പറയാം. പൂര്‍ണ്ണമായും സൈനികവല്‍കരിച്ച ഒരു സമൂഹമാണ് ഇസ്രഈലിന്റേത്. ചുറ്റുമുള്ള എല്ലാവരും ഞങ്ങളെ കൊല്ലാന്‍ വരുന്നവരാണ് എന്ന പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഞങ്ങള്‍. അത്തരമൊരു ഐഡിയോളജിക്കകത്തു നിന്നാണ് ഞങ്ങള്‍ വളര്‍ന്നു വന്നത്.

എല്ലാവരും നിങ്ങള്‍ക്ക് എതിരാണ് എന്ന തരത്തിലുള്ള ഒരു വിവരണം സ്‌കൂളുകളില്‍ നിന്നു തന്നെ ഞങ്ങളുടെ ബോധത്തിലേക്ക് ഇറക്കിവെക്കുന്നു. അതിനാല്‍ ഞങ്ങളില്‍ എപ്പോഴും അസ്തിത്വപരമായ ഒരു ഭയം ഉണ്ട്.

ഹിംസാത്മകമായ സംവാദശൈലിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. സൈനികസേവനത്തിനിടയില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്തു? നിങ്ങള്‍ എത്രമാത്രം യുദ്ധോത്സുകനായിരുന്നു? എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ ജീവിതത്തിന്റെ അളവുകോല്‍ തന്നെ ഉണ്ടായിരിക്കുന്നത്.

ഇസ്രഈലിന് വേണ്ടത് അക്രമോത്സുകരായ പൗരന്മാരെയാണ്. ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ സാമൂഹികാവസ്ഥയ്ക്ക് കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മാധ്യമങ്ങളും കൂടിയാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ അതെല്ലാം സര്‍ക്കാരിന്റെ കൈകളിലുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം.

അബ്ബാസ്: എല്ലാ പൗരന്മാരുടെയും സമത്വത്തിനും സാമൂഹികനീതിക്കും സമാധാനത്തിനും വേണ്ടി പോരാടുന്നവരുടെ ബോധ്യമുള്ള ഉറച്ച ശബ്ദത്തെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ എപ്പോഴും അവഗണിക്കാന്‍ ശ്രമിക്കാറാണുള്ളത്.

വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍- ഇസ്രായേല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സൈനികവല്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. ഇത് സൃഷ്ടിക്കപ്പെട്ടത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ഇതു വഴി സൃഷ്ടിക്കപ്പെട്ട സമൂഹം സാധാരണ പൗരന്മാരുടേതല്ല.

യന്ത്രങ്ങളോട് പോരാടാന്‍ തയ്യാറായ മനുഷ്യരെ സൃഷ്ടിച്ചെടുത്തു. അത്തരമൊരു മാനസികാവസ്ഥയുള്ള സൈനികവല്കരിച്ച ഒരു തലമുറയെ തന്നെ സൃഷ്ടിച്ചെടുത്തു ഈ വിദ്യാഭ്യാസ സമ്പ്രദായം.

ഹോളോകോസ്റ്റിന്റെയും കോണ്‍സണ്ട്രേഷന്‍ കേമ്പിന്റെയും ഓര്‍മ്മകളെ നിന്ദ്യമായ തരത്തില്‍ ചൂഷണം ചെയ്താണ് ഭയത്തിലും ഭീകരതയിലും അധിഷ്ധിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുത്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഇസ്രായേലിന്റെ വൈകാരികമായ സ്വത്വത്തെ എതിര്‍ക്കുന്ന ആര്‍ക്കെതിരെയും അവരുടെ യുവത്വത്തെ കൊലപാതകത്തിന്റെയും വിദ്വേഷത്തിന്റെയും യന്ത്രങ്ങളാക്കി അണിനിരത്താനവര്‍ക്കാകും.

‘ഹമാസിന്റെ ഇരകള്‍ ഇസ്രഈല്‍ അധിനിവേശത്തിന് തണല്‍ വിരിക്കുന്ന അത്തിയിലയായി’

ചോദ്യം: ഒക്ടോബര്‍ 7-ലെ സംഭവങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി മാറ്റിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഡാന്‍: നിരപരാധികളായ സാധാരണ ജനങ്ങളെ ബാധിക്കുന്ന ഭീകരവാദപ്രവര്‍ത്തനവും അക്രമാസക്തമായ ചെറുത്തുനില്‍പും ഇസ്രഈലി സമൂഹത്തെ കൂടുതല്‍ മോശമായി മാറ്റുന്നുവെന്ന് ഞാന്‍ കരുതുന്നു. ഒക്ടോബര്‍ ഏഴിന് സംഭവിച്ചത് ഒരു അപവാദമായിരുന്നില്ല.

സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും പിന്തുണച്ചവരുമടക്കമുള്ള 90 ശതമാനം ഇസ്രഈലികളുടെ ഉള്ളില്‍ നിന്നും മുമ്പത്തെ അക്രമാസക്തമായ പ്രവൃത്തികള്‍ പോലെ, ഇപ്പോള്‍ വീണ്ടും പൈശാചികമായ ചിന്തകളെയും പ്രവൃത്തികളെയും പുറത്തേക്ക് ചാടിക്കാനാണ് ഈ നടപടി കൊണ്ടായത്. സമാധാനപരമായ പരിഹാരപാത കുളമായിരിക്കുകയാണിപ്പോള്‍.

അബ്ബാസ്: ഇത്തരം സംഭവങ്ങള്‍ ഇസ്രഈല്‍ സമൂഹത്തെ കൂടുതല്‍ വഷളാക്കാനാണ് ഉപകരിക്കുന്നത്. ഇത്തരം നടപടികള്‍ കാരണം ഭൂരിഭാഗം പൗരന്മാരെയും ഒരു കൂട്ടമാക്കി മാറ്റി നയിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിക്കുകയും ചെയ്യുന്നു. കാരണം സര്‍ക്കാരിന് അനുകൂലമായി തെറ്റായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ അതിന്റെ എല്ലാതരത്തിലുള്ള ശ്രമങ്ങളും നടത്തിവരുന്നു.

ഏറ്റവും ലളിതമായ കര്‍ത്തവ്യത്തില്‍ പോലും- സ്വന്തം പൗരന്മാരുടെ സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരാണ് അവിടെയുള്ളത്.അതൊന്നും മാധ്യമങ്ങള്‍ കാണുന്നില്ല.

1996 മുതലിങ്ങോട്ടുള്ള ചെറിയ തോതിലുള്ള സമാന സംഭവങ്ങള്‍- ഹമാസ് നടത്തിവരുന്ന ചാവേര്‍ ആക്രമണങ്ങള്‍ നമുക്ക് വലിയ തിരിച്ചടിയാണ്. അതുമൂലം ഇസ്രഈല്‍ പൊതുജനാഭിപ്രായം സമൂലമായി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും അതുവഴി വലതുപക്ഷ സര്‍ക്കാരും ‘ബിബി’ ലിക്കുഡ് (പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു) അധികാരത്തില്‍ വരുന്നതിനും കാരണമായി.

നിര്‍ഭാഗ്യം എന്നു പറയട്ടെ ഹമാസിന്റെ ഇരകള്‍ ഇസ്രഈല്‍ അധിനിവേശത്തിന് തണല്‍ വിരിക്കുന്ന അത്തിയിലയായി മാറിയിരിക്കുന്നു. ഈ ആക്രമണത്തെ കൊണ്ട് ലോകമെമ്പാടുമുള്ള പൊതുജനാഭിപ്രായം ഏകോപിപ്പിക്കാനും അതുവഴി സൈനിക അധിനിവേശവും അവര്‍ ദിവസവും നടത്തിവരുന്ന നിഷ്ഠൂരമായ നടപടികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ഇസ്രഈല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

‘യഹൂദരുടെ പക്ഷത്തു നിന്നൊരു മോചനം വരില്ല’

ചോദ്യം: ഒരു പരിവര്‍ത്തനം സാധ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്ത് സംഭവിച്ചാല്‍ അത് സാധ്യമാവുമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത്?

ഡാന്‍: ഞാന്‍ പരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അത് നടക്കും- നമുക്കറിയാവുന്നതുപോലെ എപ്പോഴാണോ ഇസ്രഈലി സമൂഹത്തെ പുനസംഘടിപ്പിക്കപ്പെടുന്നത് അന്ന് മാറ്റം സംഭവിക്കും.

അതിനായി ഒരു യഹൂദ ജനാധിപത്യ രാഷ്ട്രം എന്ന സങ്കല്പം തന്നെ ഉപേക്ഷിക്കേണ്ടതുണ്ട്. കാരണം നിങ്ങളൊരു ജൂതനാണെന്ന് സ്വയം തീരുമാനിച്ചു കഴിഞ്ഞാല്‍, യഹൂദവംശജരല്ലാത്തവരോട് നിങ്ങള്‍ക്ക് ഒരുതരത്തിലും ജനാധിപത്യപരമായി പെരുമാറാന്‍ കഴിയില്ല.

സമൂലമായൊരു മാറ്റം സംഭവിക്കണമെങ്കില്‍ അതിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം ആവശ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ഉറപ്പാണ്: യഹൂദരുടെ ഭാഗത്തു നിന്നും മോചനം എന്ന നീക്കം ഉയര്‍ന്നുവരില്ല.

അതുകൊണ്ട് അവസാനം അധിനിവേശം അവസാനിപ്പിച്ച് വിപ്ലവം കൊണ്ടുവരുന്നത് ഫലസ്തീന്‍ ജനത തന്നെയായിരിക്കും. ഒരു യഹൂദന്‍ എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ ഇത്തരം പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി വേഗത്തിലാക്കിയിട്ട് സാധ്യമായ എല്ലാ വഴികളിലൂടെയും മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്.

അബ്ബാസ്: ചുറ്റും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വംശവെറിയുള്‍പ്പെടെയുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും നമുക്ക് അനുകൂലമായ നല്ലൊരു സാഹചര്യം വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

നമുക്ക് ഒരുപാട് മുന്നോട്ടേക്ക് പോകേണ്ടതുണ്ട്. കാരണം മുന്നോട്ടേക്കുള്ള പാതയ്ക്ക് നല്ല നീളമുണ്ട്. എന്നാല്‍ ഈ പോരാട്ടം തുടരും. കാരണം നാളെയുടെ തലമുറകള്‍ക്ക് വേണ്ടിയാണ് നമ്മള്‍ പോരാടുന്നത് എന്ന ഉറച്ച ബോധ്യമാണ് എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. നമ്മുടെ യുവതീയുവാക്കള്‍ ശോഭനവും നീതിയുക്തവുമായ ഭാവി അര്‍ഹിക്കുന്നവരാണ്.

ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ അതിനു മുമ്പായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഒന്നാമതായി, എല്ലാ മനുഷ്യാവകാശ സംഘടനകളെയും പ്രസ്ഥാനങ്ങളെയും പാര്‍ട്ടികളെയും ഒരു അറബ്-ജൂത ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുക എന്നതാണ്.

പതിയെപ്പതിയെ ഒരു സര്‍ക്കാര്‍ സഖ്യത്തില്‍ പങ്കാളിയാകാന്‍ മാത്രം കഴിവുള്ള ഒരു സംഘടനയായി ഇത് വളര്‍ന്ന് വികസിച്ച് ശക്തിപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള പുരോഗമനപരമായ മുന്നേറ്റവും ഗൗരവതരമായ പരിവര്‍ത്തനത്തിനുള്ള കാഴ്ചപ്പാടും ആശയാഭിലാഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.

അങ്ങനെ മാത്രമേ ഹിതപരിശോധനയിലൂടെ അഥവാ റഫറണ്ടത്തിലൂടെ എല്ലാ പൗരന്മാര്‍ക്കും സമ്പൂര്‍ണ്ണ അവകാശങ്ങളും തുല്യതയും ഉറപ്പുനല്‍കാന്‍ കഴിയുന്ന ഒരു ഭരണഘടന രൂപപ്പെടുത്താനാവുകയുള്ളൂ.

കടപ്പാട്: www.rt.com

content highlights: Anti-war activists Gia Danley, Dr. Salim Abbas and R. Malayalam translation of an interview conducted by RT Middle East Correspondent Elizabeth Blade

എലിസബത്ത് ബ്ലേഡ്

RT Middle East correspondent

We use cookies to give you the best possible experience. Learn more