മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍
national news
മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th February 2019, 8:05 am

ന്യൂദല്‍ഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. വലിയൊരു സംഘം മന്ത്രിമാര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കുമൊപ്പമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയിലേക്ക് തിരിച്ചുപോയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്.

2016ല്‍ മോദി സൗദി സന്ദര്‍ശിച്ച് മൂന്നു വര്‍ഷമാവുമ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം.

സൗദി കിരീടാവകാശിയുമായി അതിര്‍ത്തി ഭീകരവാദമടക്കം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സന്ദര്‍ശനവേളയില്‍ ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇന്നലെ റിയാദില്‍ പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ 2000 കോടി ഡോളറിന്റെ നിക്ഷേപം രാജ്യത്ത് നടത്തുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.
സൗദി ജയിലുകളില്‍ കഴിയുന്ന 2107 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. സന്ദര്‍ശനത്തിനിടെ രാജ്യത്തിന്റെ പരമോന്നത സിവിലയന്‍ ബഹുമതിയായ നിഷാന്‍-ഇ-പാകിസ്ഥാന്‍ പുരസ്‌ക്കാരം നല്‍കി പാകിസ്ഥാന്‍ സല്‍മാനെ ആദരിച്ചിരുന്നു.

ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൈനയിലേക്ക് പോവും.