തൂത്തുകുടി: സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ നിയന്ത്രണ വിധേയമായതായി തൂത്തുകുടി ജില്ലാ കളക്ടര്‍.
സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ കളക്ടര്‍ പിന്‍വലിച്ചു. കഴിഞ്ഞ 24 മണിക്കൂര്‍ സമയമായി പ്രദേശത്ത് പ്രകോപനപരമായ സംഭവങ്ങളില്ല, ഗ്രാമങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെച്ചത്. പൊലീസിന്റെ ആക്രമണം ആസൂത്രിതമായിരുന്നെന്നും, കരുതികൂട്ടിയുള്ള കൊലപാതകമാണ് തൂത്തുകുടിയില്‍ നടന്നതെന്നുമുള്ളതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.
Also Read കോര്‍പ്പറേറ്റ് കൊലപാതികളായവരെ സംരക്ഷിക്കരുത്, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യണം; വേദാന്തക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി
നേരത്തെ പൊലീസ് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ നിന്ന് സമരക്കാരെ വെടിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പല വഴിയാത്രക്കാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും 102 പേര്‍ക്ക് പരിക്കേറ്റതായും, കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ട ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി സ്ഥിരീകരിച്ചു. 34 പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട് . സ്റ്റെര്‍ലൈറ്റ് പ്ളാന്റ് ഇനി പ്രവര്‍ത്തിക്കില്ലെന്നും, ഇത് തന്നെയാണ് ഗവണ്മെന്റിന്റെ താല്പര്യമെന്നും കളക്ടര്‍ പറഞ്ഞിരുന്നു.