തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം; പൊലീസ് വെടിവെയ്പ്പില്‍ മരണ സംഖ്യ 10 ആയി
Anti sterlite protest
തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം; പൊലീസ് വെടിവെയ്പ്പില്‍ മരണ സംഖ്യ 10 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd May 2018, 6:33 pm

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 10 ആയതായി റിപ്പോര്‍ട്ട്.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്‌ളാന്റിനെതിരെ നടന്ന് സമരത്തിന്റെ 100ാം ദിനത്തിലാണ് പൊലീസ് അതിക്രമം. ദിവ്യാഭാരതിയടക്കം 60തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോപ്പര്‍ പ്‌ളാന്റിനെതിരെ ജില്ലാ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാര്‍.

പ്രദേശത്ത് ജില്ലാ കലക്ടര്‍ എന്‍.വെങ്കിടേഷ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് വകവെയ്ക്കാതെ സമരക്കാര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. നൂറോളം വരുന്ന സമരക്കാരെ നേരിടാന്‍ നാലായിരത്തോളം വരുന്ന വലിയ പോലീസ് സംഘമാണ് തൂത്തുകുടിയില്‍ ഉണ്ടായിരുന്നത്.


ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പോലീസ് നടപടിയില്‍ കോപാകുലരായ സമരക്കാര്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചതായും, പത്തോളം വാഹനങ്ങള്‍ നശിപ്പിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന് കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്.
ഇതോടെയാണ് ജനകീയ സമരം കൂടുതല്‍ ശക്തി പ്രാപിച്ചത്.