| Thursday, 20th December 2018, 5:40 pm

മൂന്ന് മക്കളും എട്ട് കൊച്ചുമക്കളുമുണ്ട്, സ്വത്ത് വീതം വെക്കണം; ശിക്ഷ നടപ്പാക്കുന്നത് നീട്ടണമെന്ന് സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവ പര്യന്തം തടവിന് ശിക്ഷിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങാന്‍ മുപ്പത് ദിവസത്തെ കാലാവധി ആവശ്യപ്പെട്ടു.

ഡിസംബര്‍ 31 ന് കീഴടങ്ങാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് ജനുവരി 31 ആക്കിത്തരണമെന്നാണ് സജ്ജന്‍ കുമാറിന്റെ അഭ്യര്‍ത്ഥന. ദല്‍ഹി ഹൈക്കോടതിയിലാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. സജന്‍ കുമാറിന്റെ അപേക്ഷ കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

തനിക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ടെന്നും സ്വത്തുക്കളുടെ കാര്യത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്നുമാണ് സജ്ജന്‍ കുമാര്‍ തന്റെ അപേക്ഷയില്‍ പറയുന്നത്.

Also Read:  ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുന്നത് സ്വയം മൊബൈലില്‍ പകര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകന്‍: ഇ.വി.എമ്മിന്റെ ചിത്രമുള്‍പ്പെടെ പ്രചരിപ്പിച്ചു

അതിനിടെ, ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സജ്ജന്‍ കുമാര്‍ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചാല്‍ ഇരകളെ കൂടി മേല്‍ക്കോടതി കേള്‍ക്കണമെന്ന് കാണിച്ച് കവിയറ്റ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍, സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് താന്‍ കക്ഷികളെ ഉപദേശിച്ചിട്ടുണ്ടെന്ന് ഇരകള്‍ക്കു വേണ്ടി ഹാജരായ അഡ്വ.എച്ച്.എസ് ഫൂല്‍ക പറഞ്ഞു. ജീവപര്യന്തം തടവുശിക്ഷയാണ് മരണശിക്ഷയേക്കാള്‍ വലുതെന്നും അദ്ദേഹം പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് കൊലപാതകം, ഗൂഢാലോചന, സിഖുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പ്രകോപനപരമായി പ്രസംഗിച്ചു, പ്രത്യേക മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും മറ്റും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.

നാനാവതി കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സി.ബി.ഐ രണ്ടാമതൊരു കേസ് കൂടി സജ്ജന്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ശിക്ഷിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.

We use cookies to give you the best possible experience. Learn more