സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയായി പരിഗണിക്കണം; യു.എസ് കോണ്‍ഗ്രസിനോട് കാലിഫോര്‍ണിയ അസംബ്ലി
national news
സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയായി പരിഗണിക്കണം; യു.എസ് കോണ്‍ഗ്രസിനോട് കാലിഫോര്‍ണിയ അസംബ്ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2023, 1:33 pm

വാഷിങ്ടണ്‍: 1984ല്‍ ഇന്ത്യയില്‍ നടന്ന സിഖ് വംശജര്‍ക്കെതിരായ കലാപത്തെ വംശഹത്യയായി, ഔദ്യോഗികമായി പരിഗണിക്കണമെന്നും അതില്‍ അപലപിക്കണമെന്നും കാലിഫോര്‍ണിയ അസംബ്ലി യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 22ന് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജസ്മീത് കൗര്‍ ബെയ്ന്‍സ് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠമായാണ് പാസാക്കിയത്.

കലാപവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ സിഖ് സമൂഹം ഇപ്പോഴും തങ്ങള്‍ നേരിട്ട മാനസികവും ശാരീരികവുമായ ആഘാതങ്ങളില്‍ നിന്ന് മുക്തരായിട്ടില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നുണ്ട്.

സിഖ് വിരുദ്ധ കലാപകാലത്ത് ആക്രമിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ സ്ത്രീകള്‍ ഇപ്പോഴും ദല്‍ഹിയിലെ വിഡോ കോളനിയില്‍ കഴിയുന്നുണ്ട്, അവരില്‍ പലരും തങ്ങളുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതിനും ചുട്ടെരിക്കപ്പെടുന്നതിനും സാക്ഷികളായവരാണ്, അവരിപ്പോഴും നീതിക്കായുള്ള കാത്തിരിപ്പിലാണെന്നും പ്രമേയത്തില്‍ പറയുന്നു.

അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ പ്രീത്പാല്‍ സിങ്ങും മറ്റ് സിഖ് സംഘടനാ വക്താക്കളും കാലിഫോര്‍ണിയ അസംബ്ലിയുടെ നീക്കത്തില്‍ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

1984 ഒക്ടോബര്‍ 31ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവരുടെ സിഖുകാരായ അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ദല്‍ഹിയിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും സിഖ് വംശജര്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടന്നത്. മൂവായിരത്തോളം സിഖുകാരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്. അംഗരക്ഷകരായിരുന്ന സത്‌വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരാണ് ഇന്ദിരക്ക് നേരെ വെടിയുതിര്‍ത്തത്.

1966ലാണ് ഇന്ദിരാ ഗാന്ധി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്നു അവര്‍. 1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Content Highlights: Anti-Sikh riots should be treated as genocide; California Assembly to the U.S. Congress