ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്. 1984ലെ ദല്‍ഹിയിലെ സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് സിഖുകാരെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
ജീവപര്യന്തത്തിന് പുറമെ കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് സെക്ഷന്‍ 148 പ്രകാരം മൂന്ന് വര്‍ഷം തടവും പിഴയും, മരണമോ ഗുരുതരമായ പരിക്കേല്‍പ്പിക്കുകയോ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശ്രമിച്ചതിന് സെക്ഷന്‍ 308 പ്രകാരം ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. റൗസ് അവന്യൂ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ദല്‍ഹി കന്റോണ്‍മെന്റ് കലാപ കേസില്‍ നിലവില്‍ സജ്ജന്‍ കുമാര്‍ ജീവപര്യന്തം തടവിലാണ്.
1984 നവംബര്‍ ഒന്നിന് ദല്‍ഹിയിലെ സരസ്വതി വിഹാര്‍ പ്രദേശത്ത് ജസ്വന്ത് സിങ്ങിനെയും മകന്‍ തരുണ്‍ദീപ് സിങ്ങിനെയും കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിനുമാണ് റൗസ് കോടതി വധശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നത്.
സജ്ജന്‍ കുമാറിന്റെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം വലിയ തോതില്‍ സിഖുകാരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കലാപം സിഖുകാരുടെ വന്‍തോതിലുള്ള കുടിയേറ്റത്തിന് കാരണമായെന്നും ഇത് അവരുടെ ജീവിതത്തെയും ഉപജീവനമാര്‍ഗ്ഗത്തെയും സാരമായി ബാധിച്ചുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
Content Highlight: Anti-Sikh Riot Case; Former Congress MP Sajjan Kumar gets life imprisonment