| Wednesday, 22nd March 2017, 6:06 pm

സര്‍ക്കാര്‍ നിയോഗിച്ചത് സദാചാര പോലീസിനെയോ? ; യു.പിയിലെ 'പൂവാല വിരുദ്ധ സ്‌ക്വാഡിനെതിരെ' പരാതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാനായി രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിനെതിരെ പരാതികളുമായി പൊതു ജനങ്ങള്‍. പൊലീസിന്റെ പൂവാല വിരുദ്ധ സ്‌ക്വാഡ് സദാചാര പൊലീസ് ചമയുന്നതായാണ് സംസ്ഥാനത്ത് നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെയായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പൂവാല വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചിരുന്നത്.


Also read അമ്മയെ ലൈംഗികമായി പീഡിപ്പിച്ച 39കാരന്‍ അറസ്റ്റില്‍


സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്യുന്നവരെ പിടികൂടാന്‍ നിര്‍മ്മിച്ച സേന പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പിടികൂടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളേജുകളുടേയും പാര്‍ക്കുകളുടേയും മാളുകളുടേയും സമീപത്ത് പട്രോള്‍ നടത്തുന്ന പൊലീസ് സംഘം പെണ്‍കുട്ടികളോടൊപ്പം കാണുന്ന ആണ്‍കുട്ടികളെയാണ് പിടികൂടുന്നത്.


Dont miss കുമ്പസാരക്കൂട്ടില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് വൈദികരെ പ്രകോപിപ്പിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 


സ്ത്രീ സുരക്ഷക്കായുള്ള പ്രത്യേക പൊലീസ് സദാചാര പൊലീസാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആദ്യം മുതലേ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് ഭരണത്തിലേറിയ ഉടന്‍ തന്നെ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുന്നത്. പൊലീസിന്റെ നടപടി നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് പോകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


കഴിഞ്ഞ ദിവസം ഝാന്‍സിയില്‍ പെണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ആണ്‍കുട്ടിയെ ഏത്തമിടീപ്പിച്ച പൊലീസിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സ്‌ക്വാഡിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ജാവേദ് അഹമ്മദ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് സദാചാര പൊലീസ് ചമയുന്ന പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ കേരളത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി രൂപീകരിച്ച പിങ്ക് പൊലീസും സദാചാര പൊലീസ് ചമയുന്നതായി പരാതികളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more