Advertisement
national news
റാഗിങ് വിരുദ്ധ ചട്ടങ്ങള്‍ പാലിച്ചില്ല; 18 മെഡിക്കല്‍ കോളേജുകള്‍ക്ക് നോട്ടീസ് അയച്ച് യു.ജി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 03:29 am
Friday, 7th February 2025, 8:59 am

ന്യൂദല്‍ഹി: റാഗിങ് വിരുദ്ധ ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 18 മെഡിക്കല്‍ കോളേജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് യു.ജി.സി. ദല്‍ഹി, തമിഴ്‌നാട്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ് ബീഹാര്‍, മധ്യപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍, എന്നിവിടങ്ങളിലെ കോളേജുകള്‍ക്കാണ് നോട്ടീസ് അയച്ചത്.

റാഗിങ് ഭീഷണികള്‍ തടയുന്നതിനായി 2009ലെ റാഗിങ് വിരുദ്ധ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ കോളേജുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ കോളേജുകള്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും യു.ജി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ചയുടെ കാരണങ്ങള്‍ ഉടനടി പരിഹരിക്കണമെന്നും യു.ജി.സി ആവശ്യപ്പെട്ടു.

നിശ്ചിത സമയത്തിനുള്ളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാത്ത പക്ഷം വ്യവസ്ഥകള്‍ അനുസരിച്ച് കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും പിഴ ചുമത്തലടക്കമുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും യു.ജി.സി അറിയിച്ചു.

ഈ ചട്ടങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികളില്‍ റാഗിങ് വിരുദ്ധ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്നും വ്യവസ്ഥകള്‍ പാലിക്കുന്നതിലെ പരാജയം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടുവെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

2009 ലെ റാഗിങ് വിരുദ്ധ ചട്ടം പ്രകാരം കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുമ്പോഴും ഓരോ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലും വിദ്യാര്‍ത്ഥിയും രക്ഷിതാവും ആന്റി റാഗിങ്ങിനെ പിന്തുണയ്ക്കുന്നുവെന്നുള്ള സമ്മതപത്രം നല്‍കണം. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ റാഗിങ് സംഭവങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിര്‍ണായക നടപടിയാണ്.

അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നത് വിദ്യാര്‍ത്ഥികളുടെ ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുന്നുവെന്നും മനീഷ് ജോഷി പറഞ്ഞു.

Content Highlight: Anti-ragging rules were not followed; UGC has sent notices to 18 medical colleges