| Friday, 9th August 2024, 8:31 am

അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം; ബ്രിട്ടണില്‍ തീവ്ര വലതുപക്ഷത്തിനെതിരെ തെരുവിലിറങ്ങി വംശീയവിരുദ്ധ മുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണില്‍ തീവ്ര വലതുപക്ഷം കുടിയേറ്റക്കാര്‍ക്കെതിരെ അഴിച്ചുവിട്ട കലാപം ചെറുക്കാന്‍ നിരത്തിലിറങ്ങി വംശീയവിരുദ്ധമുന്നണി പ്രവര്‍ത്തകര്‍. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ആയിരക്കണക്കിന് ആളുകളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

ബെര്‍മിങ്ഹാം, ഷെഫീല്‍ഡ്, സതാംപ്ടണ്‍, ലിവര്‍പൂള്‍, ന്യൂകാസില്‍, ബ്രിസ്‌റ്റോള്‍ നഗരങ്ങളില്‍ അഭായര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സമാധാനപരമായ പ്രകടനങ്ങളും നടന്നിരുന്നു.

ചിത്രം: ആല്‍ബെര്‍ട്ടോ പെസാലി

‘ഇവിടെയെത്തിയ എല്ലാവരെയും ഓര്‍ത്ത് ഏറെ അഭിമാനം തോന്നുന്നു. ഈ സമൂഹം ഞങ്ങളെ ഏറെ സ്‌നേഹിക്കുന്നു. വൈവിധ്യങ്ങളെ പിന്തുണയ്ക്കാനും അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്,’ വംശീയവിരുദ്ധമുന്നണി പ്രവര്‍ത്തകരില്‍ ഒരാള്‍ ബി.ബി.സിയോട് പറഞ്ഞു.

വിദ്വേഷത്തിന് ഇവിടെ ഇടമില്ല. തീവ്രവലതുപക്ഷത്തെ നിലയ്ക്കുനിര്‍ത്തുക. ഞങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചാണ് ഇവര്‍ നിരത്തിലിറങ്ങിയത്.

ഇത് എല്ലാവരുടെയും തെരുവുകളാണെന്നും ഇവിടെ എല്ലാവര്‍ക്കും സുരക്ഷിതമായി കഴിയാനുള്ള അവകാശമുണ്ടെന്നുള്ള മുദ്രാവാക്യങ്ങളും അവര്‍ മുഴക്കിയിരുന്നു.

കഴിഞ്ഞയാഴ്ച മൂന്ന് പെണ്‍കുട്ടികളുടെ മരണത്തോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇവരെ കുത്തിക്കൊന്നത് കുടിയേറ്റക്കാരനായ മുസ് ലിം യുവാവണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ തീവ്ര വലതുപക്ഷ സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചു. മോസ്‌ക്കുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.

ഇത് വളരെ വേഗം കുടിയേറ്റ വിരുദ്ധ കലാപമായി മാറിയതോടെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു.

Content Highlight: Anti-racist protests in U.K. streets in show of solidarity against far-right riots

We use cookies to give you the best possible experience. Learn more