| Sunday, 2nd January 2022, 3:38 pm

പുതുവര്‍ഷത്തില്‍ ജര്‍മനിയില്‍ മുസ്‌ലിം ശ്മശാനത്തിന് നേരെ ആക്രമണം; 30 ഖബറിടങ്ങള്‍ നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍ലിന്‍: പുതുവര്‍ഷ സമയത്ത് ജര്‍മനിയില്‍ മുസ്‌ലിം ശ്മശാനത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്.

ജര്‍മനിയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഐസെര്‍ലോനില്‍ വെള്ളിയാഴ്ച രാത്രി വൈകിയോ ശനിയാഴ്ച പുലര്‍ച്ചക്കോ ആയി സംഭവം നടന്നതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ 30 ഖബറിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഖബറുകള്‍ക്ക് മേല്‍ സ്ഥാപിച്ചിരുന്ന മീസാന്‍ കല്ലുകള്‍ മുസ്‌ലിം വിരുദ്ധരായ അക്രമികള്‍ തകര്‍ത്തതായി പൊലീസ് പറഞ്ഞു.

ആക്രമണം നേരിട്ട് കണ്ടവരോ, അന്വേഷണത്തിന് സഹായകരമായ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉടന്‍ ബന്ധപ്പെടണമെന്ന് പൊലീസ് പ്രസ്താവനയിറക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജര്‍മനിയില്‍ മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ ആക്രമണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തില്‍ തുര്‍ക്കിയിലെ വിദേശകാര്യ മന്ത്രാലയം ദുഖവും ആശങ്കയും രേഖപ്പെടുത്തി.

ജര്‍മനിയുടെ അയല്‍രാജ്യമായ ഫ്രാന്‍സിലും ഇത്തരത്തില്‍ ഇസ്‌ലാമോഫോബിക് ആയ നിരവധി സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണങ്ങളും മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള വംശീയ ചുവരെഴുത്തുകളും ഫ്രാന്‍സില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പള്ളിയുടെ ചുവരുകളില്‍ ‘മുസ്‌ലിങ്ങള്‍ സമൂഹത്തിന് നാശമാണ്’ (Muslims are harmful), മുസ്‌ലിങ്ങള്‍ യൂറോപ്പിന് പുറത്ത് (Islam out of Europe) എന്നിങ്ങനെ എഴുതിയ ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ‘ആന്റി-സെപറേറ്റിസം’ നിയമം പസാക്കിയിരുന്നു. മുസ്‌ലിം ആരാധനാലയങ്ങള്‍, മറ്റ് എസ്റ്റാബ്ലിഷ്മെന്റുകള്‍, കമ്യൂണിറ്റിയിലെ പ്രധാനപ്പെട്ട ആളുകള്‍ എന്നിവക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം കടുപ്പിക്കുന്നതാണ് നിയമം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Anti-Muslim vandals destroyed around 30 gravestones in a Muslim graveyard in German city

We use cookies to give you the best possible experience. Learn more