| Thursday, 20th September 2012, 10:00 am

'ഇന്നസെന്‍സ് ഓഫ് മുസ്‌ലിം' നായിക സംവിധായകനെതിരെ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ വിവാദത്തിലായ “ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്” എന്ന സിനിമയില്‍ അഭിനയിച്ച നടി സിന്‍ഡി ലീ ഗാര്‍സിയ ചിത്രത്തിന്റെ സംവിധായകനെതിരെ കോടതിയെ സമീപിച്ചു.

ലോസ് ഏഞ്ചല്‍സ് കോടതിയിലാണ് നടി സംവിധായകനെതിരെ കേസ് ഫയല്‍ ചെയ്തത്. ചിത്രത്തില്‍ പ്രവാചകനേയും ഇസ്‌ലാം മതത്തേയും അവഹേളിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ ഉണ്ടെന്ന് തന്നോട് മറച്ച് വെച്ചതിനെതിരെയാണ് കേസ് നല്‍കിയത്. സിനിമയുമായി സഹകരിച്ചത് തന്റെ പ്രശസ്തിക്ക് കളങ്കമേല്‍പിച്ചതായും നടി ചൂണ്ടിക്കാട്ടുന്നു.[]

തനിയ്ക്ക് നല്‍കിയ തിരക്കഥയില്‍ പ്രവാചകനെതിരെയുള്ള രംഗങ്ങളൊന്നും ഇല്ലായിരുന്നെന്നും അത് തന്നില്‍ നിന്നും മറച്ച് വെച്ചാണ് സിനിമ പൂര്‍ത്തീകരിച്ചതെന്നും സിന്‍ഡി പറയുന്നു. പുരാതന ഈജിപ്തിലെ സാഹസികയായ ഒരു സ്ത്രീകഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ സിന്‍ഡി അവതരിപ്പിച്ചത്.

ചിത്രത്തിന്റെ വിവാദഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നും വിവാദരംഗങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് സംവിധായകന്‍ നഷ്ടപരിഹാരം നല്‍കണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്.

ചിത്രം പുറത്തിറങ്ങിയ ശേഷം മാത്രമാണ് ഈ വിവരം താന്‍ അറിയുന്നതെന്നും റിലീസ് ചെയ്യുന്നതിന്റെ മുന്‍പ് പോലും ഇത്തരമൊരു വിവാദം വരാന്‍ ഇടയുണ്ടെന്ന കാര്യം തന്നെ അറിയിച്ചില്ലെന്നും നടി പറയുന്നു.

ചിത്രത്തിലെ തന്റെ വിവാദ ദൃശ്യങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചതാണെന്നും ഗാര്‍സിയ ആരോപിക്കുന്നു. സിനിമയുടെ ക്ലിപ്പിംഗുകള്‍ യൂ ട്യൂബില്‍ പ്രത്യക്ഷപ്പെട്ട ശേഷം തനിക്ക് വധഭീഷണി ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കാന്‍ യൂ ട്യൂബിനോട് നിര്‍ദേശിക്കണമെന്നും നടി ആവശ്യപ്പെടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more