national news
'അവരില്‍ ഒരാള്‍ക്ക് 50 ഭാര്യമാരും 1050 കുട്ടികളും ഉണ്ട്; ഈ പ്രവണത മൃഗങ്ങളുടേതിന് സമാനം'; മുസ്‌ലിംവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 15, 04:08 am
Monday, 15th July 2019, 9:38 am

ബല്ലിയ: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. മുസ്‌ലിം സ്വാധീന മേഖലകളില്‍ ഒരാള്‍ക്ക് 50 ഭാര്യമാരുണ്ടാവുമെന്നും അവര്‍ 1050 കുട്ടികള്‍ക്കു ജന്മം നല്‍കുന്നുണ്ടെന്നും ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള എം.എല്‍.എ സുരേന്ദ്ര സിങ് ആരോപിച്ചു.

ഈ പ്രവണത പാരമ്പര്യമല്ലെന്നും മൃഗങ്ങളുടേതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുന്‍പുതന്നെ വിവാദപരാമര്‍ശങ്ങളുടെ പേരില്‍ പ്രശസ്തനാണ് സുരേന്ദ്ര സിങ്. ഡോക്ടര്‍മാരെ രാക്ഷസന്മാരെന്നും മാധ്യമപ്രവര്‍ത്തകരെ ദല്ലാള്‍മാരെന്നും വിളിച്ചതാണ് ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുള്ള അവസാന വിവാദപരാമര്‍ശം.


‘സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ രോഗികളുമായി വിലപേശി ഇപ്പോള്‍ രാക്ഷസന്മാരായി മാറിയിട്ടുണ്ട്. അവര്‍ക്കു നല്ലതു തോന്നാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കാം.

പ്രാദേശികതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ദല്ലാള്‍മാരായി മാറിക്കഴിഞ്ഞു. അവര്‍ നല്ല ലേഖനങ്ങള്‍ അച്ചടിക്കാറില്ല. ദൈവത്തിനു മാത്രമേ അറിയൂ, അവര്‍ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന്.’- സിങ് ഈ മാസം ആദ്യം പറഞ്ഞു.

ബലാത്സംഗം കുറയ്ക്കാന്‍ ദൈവമായ രാമന്‍ വിചാരിച്ചാല്‍പ്പോലും നടക്കില്ലെന്നും മുന്‍പ് സിങ് പ്രസ്താവന നടത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ലങ്കിണിയോട് ഉപമിച്ച അദ്ദേഹത്തിന്റെ പ്രവൃത്തി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഹിന്ദുത്വം നിലനില്‍ക്കാനും ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കാനും ഓരോ ഹിന്ദുവും അഞ്ചു കുട്ടികള്‍ക്കു ജന്മം നല്‍കണമെന്ന് അദ്ദേഹം പണ്ട് ആഹ്വാനം ചെയ്തിരുന്നു.