| Saturday, 9th April 2022, 9:36 pm

മുസ്‌ലിം വിരുദ്ധത പയറ്റുന്ന സംഘപരിവാറും നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന കോണ്‍ഗ്രസും

വത്സന്‍ രാമംകുളത്ത്

പഴവര്‍ഗ വിപണിയിലെ മുസ്‌ലിം കുത്തക അവസാനിപ്പിക്കുന്നതിലാണിപ്പോള്‍ കര്‍ണാടകയിലെ സംഘപരിവാര്‍ സംഘടനകളുടെ പരിശ്രമം. ഹിജാബ് ധരിക്കരുതെന്നും ഹലാല്‍ മാംസം വില്‍ക്കരുതെന്നും മുസ്‌ലിങ്ങള്‍ പാകംചെയ്ത് വില്ക്കുന്ന ബിരിയാണി വാങ്ങരുതെന്നും ആഹ്വാനം ചെയ്തു.

ഈ ബലത്തില്‍ കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഔദ്യോഗികമായി അനുകൂല ഉത്തരവുകള്‍ ഇറക്കി, പല നടപടികളും സ്വീകരിച്ചു. മതേതര രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്നതിന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്ന സ്ഥിതി സംജാതമായതോടെ സംസ്ഥാനത്തെ സംഘപരിവാര്‍ അനുകൂലികളാകെ ഒന്നിനുപിറകെ ഒന്നായി മുസ്‌ലിം വിരുദ്ധ അജണ്ടയുമായി രംഗത്തിറങ്ങി.

സംസ്ഥാനത്തിന്റെ തീരമേഖലയിലെ ക്ഷേത്രോത്സവപ്പറമ്പുകളില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്നവരാരും കച്ചവടങ്ങള്‍ നടത്തരുതെന്നായിരുന്നു ഇവരുടെ അടുത്ത ഭീഷണി. ഈ വര്‍ഗീയ ആഹ്വാനം ബി.ജെ.പി ജനപ്രതിനിധികള്‍ തന്നെ ഏറ്റെടുത്തു. വിഷയം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ഇതോടെ താരതമ്യേന ചെറുതും വലുതുമായി ഹൈന്ദവ ദേവാലയങ്ങള്‍ ഏറെയുള്ള കര്‍ണാടകയില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കെതിരെ സംഘപരിവാറുകാരുടെ നീക്കം വ്യാപകമായി.

പലയിടത്തും ഉത്സവപ്പറമ്പുകളില്‍ കച്ചവടക്കാരുതെ പേരും മതവും തിരക്കാന്‍ ക്രിമിനല്‍ സ്വഭാവമുള്ള ‘ഹിന്ദുമത വിശ്വാസികള്‍’ രംഗത്തിറങ്ങി. നാടിന്റെ സമാധാനവും സാഹോദര്യവും തച്ചുതകര്‍ക്കാനുള്ള ആസൂത്രിത നെട്ടോട്ടമാണ് കര്‍ണാടകയിലെ ഉത്സവപ്പറമ്പുകളില്‍ പിന്നീടിങ്ങോട്ട് കണ്ടത്.

ഉത്സവാഘോഷങ്ങളിലെ കച്ചവടം ഇല്ലാതാക്കാനുള്ള ശ്രമത്തിന് പിറകെയാണ്, ഹലാല്‍ മാംസം വില്ക്കുന്നത് തടയണമെന്ന ആഹ്വാനം സംഘപരിവാറില്‍ നിന്ന് ഉയര്‍ന്നത്. ശേഷിക്കുന്ന ഇടങ്ങളില്‍ക്കൂടി മുസ്‌ലിം വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സായി അത് മാറുന്ന കാഴ്ചയാണ് കര്‍ണാടകയിലാകെ പിന്നീടുണ്ടായത്. അറപ്പും വെറുപ്പും ഉളവാക്കുന്ന വിധമാണ് ഇക്കാര്യത്തിലും സംഘപരിവാറുകാരുടെ അഴിഞ്ഞാട്ടം.

കര്‍ണാടകയിലെ ഹൊസ്തടക്കു ആഘോഷങ്ങളില്‍ ഹലാല്‍ മാംസം വാങ്ങരുതെന്നായിരുന്നു ആഹ്വാനം. പുരാണത്തില്‍ പറയുന്നതനുസരിച്ച് ശ്രീകൃഷ്ണന്‍ മരിച്ച ദിവസമെന്ന വിശ്വാസത്തോടെ ഇവിടത്തുകാര്‍ ആചരിക്കുന്നതാണ് ‘യുഗാദി’. കര്‍ണാടകക്ക് പുറമെ ആന്ധ്രയും തെലങ്കാനയും ഇങ്ങനെയൊരു ദിനാചരണം ഹിന്ദു വീടുകളില്‍ പൂജാദികര്‍മങ്ങളോടെ നടത്തുക പതിവാണ്. പുളിയും ശര്‍ക്കരയും ഉപ്പും മുളകും ചേര്‍ത്ത യുഗാദി പച്ചടിയാണ് ഈ ദിവസത്തെ വിഭവം.

എന്നാല്‍ യുഗാദിക്ക് തൊട്ടടുത്ത ദിവസം വലിയ ആഘോഷമാണ്. മദ്യവും മാംസവും എല്ലാം ചേര്‍ന്ന ഹൊസ്തടക്കു ആഘോഷം ദിവസം മുഴുവന്‍ നീളുന്നതാണ്. ഇത് വീടുകളില്‍ മാത്രമല്ല, നാടുനീളെ പൊതുനിരത്തുകളിലും കാണാം. സംസ്ഥാനത്ത് മാംസത്തിന് ഇത്രയേറെ ചെലവുള്ള മറ്റൊരാഘോഷം ഇല്ലെന്നുതന്നെ പറയാം.

ഹൊസ്തടക്കു ആഘോഷത്തിന് ഹലാല്‍ മാംസം ആരും വാങ്ങരുതെന്ന സംഘപരിവാറിന്റെ ആഹ്വാനം, മാംസവിപണിയിലും പൊതുവെ മുസ്‌ലിങ്ങള്‍ ധാരാളമുള്ള കര്‍ണാടകത്തില്‍ ഇവര്‍ക്കെതിരെയുള്ള വലിയൊരു നീക്കം തന്നെയായിരുന്നു. വര്‍ഗീയ ലക്ഷ്യത്തോടെയായിരുന്നു ആഹ്വാനമെങ്കിലും കര്‍ണാടകയില്‍ ഇക്കുറിയും ഹൊസ്തടക്കു ദിവസം മാംസവിപണിക്കും മദ്യവില്പനയ്ക്കും ഒരു കുറവും വന്നില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അന്വേഷണത്തിന്റെ ഫലം.

ചെറിയൊരു പ്രദേശത്ത് വില്പന നടത്തുന്ന ഒരു വ്യാപാരി മാത്രം ആയിരം കിലോ മാംസത്തിലേറെ വിറ്റഴിച്ചെന്നാണ് സാക്ഷ്യം. ഒപ്പം ‘എന്താണ് ഹലാല്‍ എന്നൊന്നുമല്ല, ശുദ്ധവും വൃത്തിയുമുള്ള മാംസമാണ് തങ്ങള്‍ക്ക് ആവശ്യം’, എന്ന  മുസ്‌ലിം വ്യാപാരിയുടെ മാംസക്കടയില്‍ എത്തിയ ഹിന്ദുമതത്തില്‍പ്പെട്ടയാളുടെ അഭിപ്രായവും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.

ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമായ ഭക്ഷണമെന്ന അര്‍ത്ഥമാണ് ‘ഹലാല്‍’ എന്ന് ചേര്‍ത്തുവരുന്നത്. ലോകത്തെവിടെയുമുള്ള ഭൂരിപക്ഷം മുസ്‌ലിങ്ങളും ഹലാല്‍ ഭക്ഷണമെന്ന ആദര്‍ശം പിന്തുടരുന്നവരാണ്. മാംസത്തിന്റെയും ഭക്ഷണത്തിന്റെയും വൃത്തിയും ശുദ്ധിയുമാണ് ഇതില്‍ പ്രധാനം ചെയ്യുന്നത്.

ജീവനുള്ളവയെ ഇസ്‌ലാം വിധിപ്രകാരം കശാപ്പുചെയ്ത് തയാറാക്കി ഭക്ഷിക്കുന്നു എന്ന പരമ്പരാഗത രീതി ഒരു മതവിഭാഗം പിന്തുടരുന്നതിനെ സംഘപരിവാര്‍ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നതും അവതരിപ്പിക്കുന്നതും. കര്‍ണാടകയിലെ ‘ഹിന്ദുജനജാഗ്രതി സമിതി’ എന്ന സംഘടനയുടെ കോ ഓര്‍ഡിനേറ്റര്‍ ചന്ദ്രു മോഗര്‍ പ്രചരിപ്പിച്ചത് മുസ്‌ലിം കച്ചവടക്കാര്‍ മാംസത്തിലും റൊട്ടിയിലും പഴവര്‍ഗങ്ങളിലും ‘ജിഹാദ് തുപ്പുന്നു’ എന്നാണ്. ചേര്‍ത്തുപറഞ്ഞത്, ഈ മേഖലയിലെ മുസ്‌ലിം വ്യാപാര കുത്തക അവസാനിപ്പിക്കണമെന്നും. അതിനായി ഹിന്ദുക്കള്‍ സഹായിക്കണം. ആരും മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് ഇവയൊന്നും വാങ്ങരുത് എന്ന്.

കര്‍ണാടകയിലെ ഹൈന്ദവ നേതാവായ പ്രശാന്ത് സംബര്‍ഗിയും മുസ്‌ലിം വ്യാപാരികളെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഹിന്ദുക്കളായ കര്‍ഷകരാണ് കഠിനാധ്വാനം ചെയ്ത് പഴവര്‍ഗങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ അതിന്റെ ലാഭവും ആനുകൂല്യങ്ങളും കൈക്കലാക്കുന്നത് ഇടനിലക്കാരായ മുസ്‌ലിം കച്ചവടക്കാരാണെന്നായിരുന്നു പ്രശാന്തിന്റെ പ്രചാരണം.

ഒരുകോണില്‍ ഈവിധം ആഹ്വാനങ്ങളും ആക്രോശങ്ങളുമായി സംഘടനാ നേതാക്കള്‍ മുന്നോട്ടുപോകുന്നു. അതേറ്റുപിടിച്ച് ജനപ്രതിനിധികള്‍ തന്നെ നിയമനിര്‍മ്മാണ സഭയുടെ രേഖയില്‍ കാര്യങ്ങളെത്തിക്കുന്നു. തീരുമാനങ്ങളെന്ന ധ്വനിയില്‍ പുറമെ പ്രചാരണം നടത്തുന്നു. മറ്റൊരു വശത്ത് ഇതൊന്നും തങ്ങളുമായി ബന്ധപ്പെട്ട വിഷയമേ അല്ലെന്ന അഭിപ്രായങ്ങളും വിളമ്പുന്നു.

സംസ്ഥാനത്തെ മുസ്‌ലിം വിരുദ്ധ സംഭവങ്ങളുടെയൊന്നും ഉത്തരവാദിത്തം ബി.ജെ.പിയുടേതല്ലെന്നാണ് കര്‍ണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍ പറയുന്നത്. സര്‍ക്കാര്‍ പോലും ഇക്കാര്യങ്ങളില്‍ കക്ഷിയല്ലെന്നാണ് അശ്വതിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും അഭിപ്രായങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട സഹോദരന്മാര്‍ക്ക് എതിരല്ല ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരും. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളുമായി കെട്ടിപ്പടുത്ത ബന്ധങ്ങളെ വെറുക്കുന്നവരല്ല ബി.ജെ.പിയെന്നും അശ്വത് നാരായണന്‍ പറയുമ്പോള്‍, പുറത്ത് നാടുനീളെ മുസ്‌ലിങ്ങളെ വേട്ടയാടുകയാണ് സംഘപരിവാറുകാര്‍. വര്‍ഗീയത പടര്‍ത്തുന്നവരുടെ ഇരട്ടത്താപ്പായേ കര്‍ണാടക മന്ത്രിയുടെ ഈ പ്രസ്താവനയെ കാണാനാവൂ.

അശ്വത് നാരായണ്‍

മുസ്‌ലിങ്ങള്‍ക്കെതിരെ തൊട്ടുകൂടായ്മ നടപ്പാക്കാനുള്ള ആര്‍.എസ്.എസിന്റെ തന്ത്രമാണിതെല്ലാമെന്നാണ് ഹൈദരാബാദ് എം.പി കൂടിയായ എ.ഐ.എം.ഐ.എം നേതാവ് അസറുദ്ദീന്‍ ഒവൈസി കര്‍ണാടക വിഷയത്തില്‍ പ്രതികരിച്ചത്. ഹിന്ദുക്കളായ കര്‍ഷകരെ സഹായിക്കാന്‍ മുസ്‌ലിങ്ങളായ വ്യാപാരികള്‍ ഉല്പന്നങ്ങള്‍ വാങ്ങുന്നില്ലേ എന്ന മറുചോദ്യമുന്നയിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയും വിഷയത്തെ വേണ്ടത്ര ഗൗരവത്തില്‍ കണ്ടില്ലെന്നുവേണം പറയാന്‍.

ഹിജാബിനും ഹലാലിനും മാമ്പഴക്കച്ചവടത്തിനുമൊക്കെ ഇടയില്‍ കര്‍ണാടകത്തിലെ മദ്രസകള്‍ നിരോധിക്കണമെന്ന അതിഗൗരവമായി കാണേണ്ട ആവശ്യവും ഉയര്‍ന്നിരുന്നു. ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ രേണുകാ ആചാര്യയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചതെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. മദ്രസകളില്‍ രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ഇയാളുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുകൂല ഉത്തരവിടണമെന്നുമാണ് രേണുക ആചാര്യ ആവശ്യപ്പെടുന്നത്.

തൊട്ടുപിറകെ, മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷണികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ് ദളിന്റെയും ശ്രീരാമ സേനയുടെയും നേതാക്കളും രംഗത്തെത്തി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബാങ്ക് വിളിയുടെ സമയങ്ങളില്‍ ‘ഓം നമഃശിവായ’, ‘ജയ് ശ്രീറാം’, ഹനുമാന്‍ ചാലിസ’ തുടങ്ങിയ ഹൈന്ദവ പ്രാര്‍ത്ഥനകള്‍ ലൗഡ് സ്പീക്കറിലൂടെ വായിക്കുമെന്നാണ് ഇവരുടെ പ്രസ്താവന. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത് മുസ്‌ലിങ്ങള്‍ കാലങ്ങളായി പിന്തുടരുന്ന രീതിയാണെന്ന് പറഞ്ഞ മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാക മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ, ബാങ്ക് വിളി വിദ്യാര്‍ത്ഥികളെയും കുട്ടികളെയും രോഗികളെയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതിനര്‍ത്ഥം മുസ്‌ലിം ജനവിഭാഗങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും മുടക്കുകയും വര്‍ഗീയത ആളിപ്പടര്‍ത്തുകയും എന്നതുതന്നെ.

കെ.എസ്. ഈശ്വരപ്പ

കര്‍ണാടകയില്‍ ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് മടിക്കുകയാണ്. ജനതാദളും ബി.ജെ.പിക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് കുമാരസ്വാമിയുടെ പ്രതികരണവും തെളിയിക്കുന്നു. ഹിജാബ് വിഷയം കോണ്‍ഗ്രസ് ഊതിപ്പെരുപ്പിക്കുന്ന ഒന്നുമാത്രമാണെന്ന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആരോപിച്ചിട്ടും ഖദര്‍ധാരികള്‍ മൗനത്തില്‍ തന്നെയാണെന്നത് ആശ്ചര്യമുണ്ടാക്കുന്നു.

കച്ചവട രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തിയ കര്‍ണാടകയില്‍ കോണ്‍ഗ്രസും മറ്റുപ്രതിപക്ഷ പാര്‍ട്ടികളും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളിലെല്ലാം വെള്ളം ചേര്‍ത്തിരിക്കുന്നു. വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ വര്‍ഗീയത തന്നെ ആയുധമാക്കുകയും ചെയ്യുന്നു. മതേതര മനസും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന അനേകായിരങ്ങളാണ് ഇതില്‍ ബലിയാടാവുന്നത്. ഒപ്പം രാജ്യത്തിന്റെ യശസിനും കളങ്കമുണ്ടാക്കുന്നു.

Content Highlight: Anti Muslim attitude of Sanghparivar in Karnataka, and Congress failure as opposition

വത്സന്‍ രാമംകുളത്ത്

ജനയുഗം പത്രത്തില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more