| Thursday, 2nd March 2023, 4:42 pm

സ്വവര്‍ഗാനുരാഗം ക്യാന്‍സര്‍ പോലെ മാരകം; ഉഗാണ്ടയില്‍ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ ബില്‍ ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമ്പാല: ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗത്തിന് നിരോധനമേര്‍പ്പെടുത്തി പുതിയ ബില്ല് അവതരണം. എല്‍.ജി.ബി.ടി.ക്യു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍, പ്രചരണം, നിയമനം തുടങ്ങിയ ശക്തമായി വിലക്കിയതായി പ്രതിപക്ഷ എം.പി അസുമാന്‍ ബസലിര്‍വ പറഞ്ഞു. ഭൂരിഭാഗം എം.പിമാരും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒന്നുകില്‍ രാജ്യത്തെ എല്‍.ജി.ബി.ടി.ക്യു വിഭാഗം സര്‍ക്കാരിനോടൊപ്പം നില്‍ക്കണമെന്നും അല്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം പോകണമെന്നും ബില്ല് അവതരിപ്പിച്ചുകൊണ്ട് അസുമന്‍ ബസലിര്‍വ പറയുന്നു.

കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗാനുരാഗം ഉഗാണ്ടയില്‍ കുറ്റകൃത്യമാണ്. 2014ല്‍ സ്വര്‍ഗാനുരാഗത്തിനെതിരെ കര്‍ശന നിയമം കൊണ്ടുവന്നിരുന്നെങ്കിലും ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അന്ന് പുറത്തിറക്കിയ ബില്ലില്‍ സ്വവര്‍ഗാനുരാഗികളെ തൂക്കിക്കൊല്ലണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

സ്വവര്‍ഗാനുരാഗം കാന്‍സര്‍ പോലെ മാരകമാണെന്നും തന്റെ ബില്ലിലൂടെ ഈ മാരക രോഗത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബസലിര്‍വ പറഞ്ഞു.

‘ഈ ലോകത്ത് നമ്മള്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ മനുഷ്യരുടെ തെറ്റുകള്‍ ഉണ്ടെന്നതും സത്യമാണ്. സ്വവര്‍ഗരതി മനുഷ്യരുടെ തെറ്റാണ്,’ അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ 54 രാജ്യങ്ങളില്‍ 20ലധികം രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Anti lgbtq law under discussion in Uganda, says homosexuality is like cancer

We use cookies to give you the best possible experience. Learn more