| Friday, 29th November 2024, 8:50 pm

കപ്പഡോഷ്യയില്‍ കെഫിയ ബലൂണുകളുമായി ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിസേറിയ: ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ കപ്പഡോഷ്യയില്‍ പ്രതിഷേധം. കെഫിയകൊണ്ടുള്ള ബലൂണുകള്‍ ഉയര്‍ത്തിയാണ് കപ്പഡോഷ്യയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നത്.

ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് സിവിലൈസേഷനാണ് ബലൂണുകള്‍ നിര്‍മിച്ച് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍, ബലൂണിന്റെ പല വശങ്ങളിലായി കെഫിയ ഘടിപ്പിച്ചിട്ടുള്ളതായി കാണാം.

ഇത്തരത്തില്‍ നിരവധി കെഫിയ ബലൂണുകളാണ് കപ്പഡോഷ്യയുടെ അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നത്. തുർക്കിയുടെ ഭാഗമായ പ്രദേശമാണ് കപ്പഡോഷ്യ. ലോകത്തുടനീളമായി നടന്ന ഇസ്രഈല്‍ വിരുദ്ധ സമരങ്ങളില്‍ കെഫിയ ധരിച്ചുകൊണ്ടും ഉയര്‍ത്തിയുമാണ് ആളുകള്‍ പ്രതിഷേധിച്ചത്.

ഇസ്‌ലാമിക് വേള്‍ഡ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഫലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമാണ് കെഫിയ.

നേരത്തെ ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയം നവംബര്‍ 16 ‘ദേശീയ കെഫിയ ദിനം’ ആയി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പില്‍ കെഫിയക്ക് നിര്‍ണായക പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ആഗോള തലത്തില്‍ നെതന്യാഹു ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും വടക്കന്‍ ഗസയിലെ ഇസ്രഈല്‍ ഉപരോധം 55-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിലവിലെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 44,363 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 105,070 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ (വ്യാഴാഴ്ച) രാത്രി മധ്യഗസയിലെ നുസെറാത്ത് ക്യാമ്പില്‍ അഭയം തേടിയിരുന്ന 30 ഫലസ്തീനികള്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ഗസയിലും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ഇസ്രഈലിനുമേല്‍ യു.എസ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രസിഡന്റ് പദവിയില്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ജോ ബൈഡന്‍ ആഗ്രഹിക്കുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുക, ഹമാസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക, ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക എന്നീ അജണ്ടകള്‍ മുന്‍നിര്‍ത്തി യു.എസ് മറ്റൊരു ശ്രമം നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

വരും ദിവസങ്ങളില്‍, ബന്ദികളെ വിട്ടയച്ചാല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ യു.എസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Anti-Israel protest with keffiyeh balloons in Cappadocia

We use cookies to give you the best possible experience. Learn more