യു.കെ: സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരായി നടത്തുന്ന വ്യോമാക്രമണം അനിവാര്യമായതെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഇറാഖ് യുദ്ധം പോലെയല്ല സിറിയയിലെ ഇടപെടലെന്നും 2003ലേതില്‍ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ടോണി ബ്ലെയര്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ശക്തമായി പോരാട്ടം നടത്തണമെന്ന പാരീസ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടോണിബ്ലെയര്‍ പറഞ്ഞിരുന്നു. ശക്തി സംഭരിക്കാന്‍ അനുവദിച്ചാല്‍ ഭീകരര്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കടന്ന് ചെല്ലുമെന്നും ബ്ലെയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയില്‍ വ്യോമാക്രണം നടത്തുന്നതിന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു.
ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ നടത്തിയ യുദ്ധവും അതിന് ബ്രിട്ടന്‍ പിന്തുണ നല്‍കിയതും തെറ്റായിപ്പോയെന്നും അത് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ പിറവിക്ക് കാരണമായെന്നും ടോണി ബ്ലെയര്‍ കുറ്റസമ്മതം നടത്തിയിരുന്നു.
ഇറാഖില്‍ വിനാശകരമായ വന്‍ ആയുധ ശേഖരങ്ങള്‍ ഉണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും യുദ്ധക്കുറ്റവാളിയായി വിചാരണ നേരിടാന്‍ മടിയില്ലെന്നും ബ്ലെയര്‍ പറഞ്ഞിരുന്നു.