വിവാദ സിനിമ: അമേരിക്കന്‍ എംബസികള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുന്നു
World
വിവാദ സിനിമ: അമേരിക്കന്‍ എംബസികള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2012, 11:36 am

വാഷിങ്ടണ്‍: വിവാദ സിനിമയായ “ഇന്നസെന്‍സ് ഓഫ് മുസ്‌ലിം” ന്റെ പേരില്‍ അമേരിക്കന്‍ എംബസികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നേരിടുന്നതിനായി സേനയെ അയക്കാന്‍ തീരുമാനിച്ചു. ലിബിയ, യെമന്‍, സുഡാന്‍, തുടങ്ങിയ പതിനെട്ട് മുസ്‌ലിം രാജ്യങ്ങളിലേക്ക് സേനയെ അയക്കാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ എംബസിക്ക് നേരെ അക്രമം നടന്നിരുന്നു. സിഡ്‌നിയില്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പ്രക്ഷോഭകര്‍ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയിരുന്നു. ഇന്ത്യയിലും ചിത്രം നിരോധിച്ചിരിക്കുകയാണ്. []

അതേസമയം, പ്രക്ഷോഭകര്‍ അക്രമപാതയില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയിലെ പരമോന്നത ആത്മീയ നേതാവ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അല്‍ശൈഖ് രംഗത്തെത്തിയിട്ടുണ്ട്.

ഇസ്‌ലാം മതവിശ്വാസികളുടെ ഈ രീതിയിലുള്ള പ്രതികരണം ഇത്തരം സിനിമകള്‍ എടുക്കുന്നവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കലാകുമെന്നും നിരപരാധികളെ വധിക്കുന്നതും പൊതുമുതലുകള്‍ നശിപ്പിക്കുന്നതും ഒഴിവാക്കാന്‍ മുസ്ലീങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ലിബിയയില്‍ തുടങ്ങിയ പ്രക്ഷോഭം പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

അതേസമയം, സിനിമയുടെ സംവിധായകനായ ബസ്സെലി നിക്കോളയെ അമേരിക്കന്‍ പോലീസ് ചോദ്യം ചെയ്തു. സിനിമയുടെ മാനേജര്‍ മാത്രമാണ് താനെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.