'ഇന്നസന്‍സ് ഓഫ് മുസ്‌ലിം': നിര്‍മ്മാതാവ് അറസ്റ്റില്‍
World
'ഇന്നസന്‍സ് ഓഫ് മുസ്‌ലിം': നിര്‍മ്മാതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th September 2012, 12:01 am

വാഷിങ്ടണ്‍: മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. നകൗലി ബാസെലി നകൗലി എന്ന നിര്‍മ്മാതാവിനെയാണ് അമേരിക്കയില്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തത്.[]

ഈജിപ്തില്‍ നിന്ന് വന്ന് കാലിഫോര്‍ണിയയില്‍ താമസമുറപ്പിച്ച നകൗലിക്ക് ബാങ്ക് തട്ടിപ്പ് കേസില്‍ 2010 ല്‍ 21 മാസത്തെ തടവും നല്ല നടപ്പും വിധിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് അനുമതി കൂടാതെ കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിക്കരുതെന്നായിരുന്നു നിബന്ധന. നല്ല നടപ്പിന്റെ നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരിലാണ് ലോസ്  ആഞ്ചലസ്
കോടതി ഇദ്ദേഹത്തെ ജാമ്യം നിഷേധിച്ച് ജയിലിലേക്കയച്ചത്.

വിവാദമായ “ഇന്നസന്‍സ് ഓഫ് മുസ്‌ലിം”എന്ന സിനിമയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനി നകൗലിയായിരുന്നു. ഈ സിനിമയുടെ പേരില്‍ ലോകമെങ്ങും അമേരിക്കയ്‌ക്കെതിരെ പ്രതിഷേധമുയരുകയും ലിബിയയില്‍ യു.എസ്. അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് 55 കാരനായ നകൗലിയെ ജയിലിലിട്ടത്.

ഈ സിനിമയുടെ പ്രചാരണ വീഡിയോയാണ് പ്രക്ഷോഭത്തിന് വഴിവെച്ചത്. ഇതോടെ നകൗലി ഒളിവില്‍ പോയി. വ്യാഴാഴ്ചയാണ് കാലിഫോര്‍ണിയയില്‍ വച്ച് ഇദ്ദേഹം പോലീസ് പിടിയിലായത്. ഇപ്പോഴത്തെ അറസ്റ്റിന് സിനിമയുമായി ബന്ധമൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരമൊരു സിനിമയെടുത്തതിന്റെ പേരില്‍ നടപടിയെടുക്കാന്‍ അമേരിക്കന്‍ നിയമത്തില്‍ വകുപ്പില്ല.

നകൗലി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇദ്ദേഹത്തെ ജാമ്യമില്ലാതെ തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. നല്ല നടപ്പുകാലത്ത് ഇയാള്‍ പലതവണ പേരു മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.