ഇസ്‌ലാമാബാദ്: ഇസ്‌ലാം വിരുദ്ധ സിനിമയായ ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസിനെതിരെ പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളില്‍ യു.എസ്സിന്റെ പരസ്യം സംപ്രേക്ഷണം ചെയ്തു. പാക്കിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് യു.എസ്സിന്റെ പരസ്യം പാക് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത്.[]
സിനിമയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പരസ്യം. “ഇന്നസന്‍സ് ഓഫ് മുസ്‌ലിം എന്ന സിനിമയുമായി യു.എസ് സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും ഇസ്‌ലാം മതത്തെ ആദരിക്കുന്നതായും സിനിമയുടെ പേരില്‍ നടക്കുന്ന ആക്രമണത്തിന് യാതൊരു ന്യായീകരണമില്ലെന്നും പരസ്യത്തില്‍ പറയുന്നു.
ട്വിറ്ററിലും ഒബാമ പരസ്യത്തെ കുറിച്ച് പറയുന്നുണ്ട്. പൊതുജനങ്ങള്‍ക്കുള്ള വിശദീകരണമെന്ന നിലയ്ക്കാണ് പരസ്യ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതെന്നാണ് ഒബാമ ട്വീറ്റ് ചെയ്തത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം പാക് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ 70,000 ഡോളര്‍ മുടക്കിയതായാണ് യു.എസ് സ്റ്റേറ്റ് വക്താവ് വിക്‌ടോറിയ നുലാന്‍ഡ് പയുന്നത്. വിവാദ സിനിമയുടെ പേരില്‍ യു.എസ് എംബസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ നിസാരമല്ലെന്നും കോടിക്കണക്കിന് വരുന്ന പാക് ജനതയെ ബോധവത്കരിക്കാന്‍ ടെലിവിഷന്‍ പരസ്യമാണ് മികച്ച മാര്‍ഗമെന്ന നിലക്കാണ് പുതിയ വഴിയെന്നും നുലാന്‍ഡ് പറയുന്നു.
അതേസമയം, ഇന്നലെയും ഇസ്‌ലാമാബാദിലെ അമേരിക്കന്‍ എംബസിയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് എംബസികള്‍ സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് വടികളും കല്ലുകളുമായി വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരാണ് മാര്‍ച്ച് ചെയ്തത്.