| Thursday, 16th February 2023, 9:56 pm

'സുപ്രീം കോടതി ഇന്ത്യാ വിരുദ്ധ ശക്തികളുടെ ടൂള്‍'; വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മുഖപത്രം. സുപ്രീം കോടതി ഇന്ത്യാ വിരുദ്ധ ശക്തികളുടെ ടൂളായി മാറിയെന്നാണ് ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയിലെ പരാമര്‍ശം. ബി.ബി.സി ഡോക്യുമെന്ററി നിരോധനവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

പാഞ്ചജന്യയുടെ എഡിറ്റോറിയലിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ അടക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യതാത്പര്യം കണക്കിലെടുത്താണ് സുപ്രീം കോടതി പ്രവര്‍ത്തിക്കേണ്ടതെന്നും എന്നാല്‍ ഇന്ത്യാ വിരോധികള്‍ അവരുടെ ആവശ്യങ്ങള്‍ നടത്താനുള്ള ഉപകരണമായാണ് കോടതിയെ കണക്കാക്കുന്നതെന്നുമായിരുന്നു എഡിറ്റോറിയലിലെ പരാമര്‍ശം.

‘ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സുപ്രീംകോടതിയുടെ ചുമതല. രാജ്യതാല്‍പര്യം കണക്കിലെടുത്താണ് നാം സുപ്രീം കോടതിയെ നിലനിര്‍ത്തുന്നത്. പക്ഷേ, ഇന്ത്യാവിരോധികള്‍ അവരുടെ താല്‍പര്യം നടപ്പാക്കാനുള്ള ഒരു ഉപകരണമായി കോടതിയെ ഉപയോഗിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പേരില്‍ തീവ്രവാദികളെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ പേരില്‍ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

രാഷ്ട്രവിരോധികള്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ ഇന്ത്യയുടെ ജനാധിപത്യവും ലിബറലിസവും നാഗരികതയുടെ മാനദണ്ഡങ്ങളും ഉപയോഗിക്കുന്നു. ദേശവിരുദ്ധശക്തികള്‍ക്ക് രാജ്യത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശവും മതപരിവര്‍ത്തനത്തിലൂടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള അവകാശവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് അവരുടെ അടുത്ത പടി. ഈ അവകാശങ്ങള്‍ വിനിയോഗിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ നിയമങ്ങളുടെ സംരക്ഷണം ലഭിക്കണം,’ എഡിറ്റോറിയല്‍ പറയുന്നു.

അസത്യവും ഭാവനയും അടിസ്ഥാനമാക്കിയുള്ളതാണ് ബി.ബി.സി ഡോക്യുമെന്ററി. അത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പാഞ്ചജന്യയില്‍ പറയുന്നു. ഫെബ്രുവരി 3നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചത്. ഇത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കുറിപ്പ്.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും, കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ കുറിച്ചുമാണ് ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവും വ്യാപകമായിരുന്നു.

ഇതിനിടെയാണ് ബി.ബി.സിയുടെ മുംബൈ, ദല്‍ഹി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. റെയ്ഡ് മൂന്നാം ദിവസവും തുടരുകയാണ്.

അതേസമയം വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ബിബിസിയെ പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

Content Highlight: Anti-Indians use supreme court as a tool says RSS weekly

We use cookies to give you the best possible experience. Learn more