ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മാലിദ്വീപ് പത്രം. മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കും മോദിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
നരേന്ദ്രമോദി ഹിന്ദു തീവ്രവാദിയാണെന്നും കടുത്ത മുസ്ലിം വിരുദ്ധനാണെന്നും പറയുന്ന പത്രം ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും ചൈന പുതിയ സുഹൃത്താണെന്നും എഡിറ്റോറിയയലിലൂടെ പറയുന്നു. പ്രാദേശിക ഭാഷയായ ദിവേഹിയിലാണ് പത്ത്രതിന്റെ മുഖപ്രസംഗം.
പ്രിസിഡന്റിന്റെ ഉടമസ്ഥതയിലുള്ള പത്രം ചൈനയെ പുതിയ സുഹൃത്തായി പ്രഖ്യാപിച്ച് ഇറക്കിയ എഡിറ്റോറിയലിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷമായ മാലിദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) രംഗത്തെത്തിക്കഴിഞ്ഞു.
പ്രസിഡന്റിന്റെ നിലപാടാണ് മുഖപ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പ്രസിഡന്റിന്റെ ഓഫീസിന്റെ അനുമതി ഇല്ലാതെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കില്ലെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വിദേശ പര്യടനങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍രാജ്യമായിട്ടും ഇതുവരെയും മാലിദ്വീപ് സന്ദര്‍ശിക്കാത്തത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടുന്ന മുഖപ്രസംഗം യമീന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും കശ്മീരില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യ പാലിക്കുന്നില്ലെന്നും എഡിറ്റോറിയലിലൂടെ ആരോപിക്കുന്നു.
അതേസമയം പത്രത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയ എം.ഡി.പി നേതാവും മാലിദ്വീപ് മുന്‍ വിദേശമന്ത്രിയുമായ അഹമ്മദ് നസീം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ശക്തമായ നീക്കമുണ്ടാവേണ്ടതുണ്ടെന്ന് പറഞ്ഞു.