ബംഗളുരു: പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ കർണാടകയിലും പ്രതിഷേധം. ‘ഹിന്ദി ദിന’മായ തിങ്കളാഴ്ച കന്നട അനുകൂല സംഘടനകൾ പ്രതിഷേധമാചരിക്കും.
തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ കാമ്പയിൻ രാഷ്ട്രീയ വിവാദമുയർത്തിയതിന് പിന്നാലെയാണ് കർണാടകയിലും പ്രതിഷേധമുയരുന്നത്.
‘കന്നഡ ഗൃഹകാര കൂട്ട’യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കാമ്പയിൻ വെള്ളിയാഴ്ച ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. കഴിഞ്ഞവര്‍ഷം ഹിന്ദി ദിനം സംസ്ഥാനത്ത് കന്നട സംഘടനകള്‍ കരിദിനമായി ആചരിച്ചിരുന്നു.
ഹിന്ദി ഗൊത്തില്ല ഹോഗോ, നാവു കന്നഡിഗരു, നാവു ദ്രാവിഡരു’ (ഹിന്ദി അറിയില്ല പോകൂ, ഞങ്ങള്‍ കന്നഡിഗര്‍, ഞങ്ങള്‍ ദ്രാവിഡര്‍) എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇതിനു പുറമെ ‘സെർവ് ഇൻമൈ ലാംഗ്വേജ്’ എന്ന ഹാഷ്ടാഗിലും പ്രചാരണം നടക്കുന്നുണ്ട്.
ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തിയ ടീ ഷർട്ടുകളും പുറത്തിറക്കിയിട്ടുണ്ട്. ‘കര്‍ണാടക രക്ഷണവേദികെ’യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘാടകർ പറയുന്നു.
കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തെ ശക്തിപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഹിന്ദിക്ക് അമിതപ്രാധാന്യം നല്‍കുന്നതിലൂടെ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.
നേരത്തെ ഏറെ വിവാദങ്ങൾ തീർത്ത ഇ.ഐ.എയുടെ (പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്റെ) കരട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പ്രസിദ്ധീകരിച്ചതുമുള്പ്പെടെയുള്ള വിഷയങ്ങളിലും കന്നട അനുകൂല സംഘടനകള്‍ കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭരണത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കുന്നുവെന്ന ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പരാമര്‍ശം രാഷ്ട്രീയ വിവാദമുയർത്തിയിരുന്നു.
ഹിന്ദി സംസാരിക്കാത്തവരെ ഇന്ത്യക്കാരനായി കണക്കാക്കാത്ത വടക്കേ ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവത്തെ ചോദ്യം ചെയ്ത തമിഴ് രാഷ്ട്രീയ നേതാവ് കനിമൊഴിയും പി. ചിദംബരവും ഉയർത്തിയ വാദത്തെ പിന്തുണച്ചായിരുന്നു കുമാരസ്വാമിയും വിമർശനമുന്നയിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Anti Hindi impostion campaign in Karnataka