| Tuesday, 12th June 2018, 8:03 pm

അറബ് പ്രക്ഷോഭങ്ങള്‍ ജോര്‍ദാന്‍ തെരുവിലെത്തുമ്പോള്‍

നാസിറുദ്ദീന്‍

ജോര്‍ദാന്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ “ശരിയാക്കാനായി” 2016 ല്‍ ഐ.എം.എഫ് നല്‍കിയ 723 മില്യന്‍ ഡോളറിന്റെ നക്കാപ്പിച്ചയോട് ചേര്‍ന്ന് നടപ്പിലാക്കിയ “സാമ്പത്തിക അച്ചടക്ക” നടപടികള്‍ പിന്‍വലിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

സമരത്തിന്റെ ചൂടറിഞ്ഞ രാജാവ് പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കിയെ മാറ്റുകയും കൂട്ടിയ നികുതി കുറക്കുകയും ചെയ്‌തെങ്കിലും ജനങ്ങള്‍ തൃപ്തരായിട്ടില്ല. പതിവായി ആവര്‍ത്തിക്കപ്പെടുന്ന ഈ തൊലിപ്പുറത്തെ ചികില്‍സ കൊണ്ട് കാര്യമില്ലെന്നവര്‍ക്ക് നന്നായറിയാം.

പുതിയ പ്രധാനമന്ത്രി ഉമര്‍ റസാസ് ഹാര്‍വാര്‍ഡ്, എം.ഐ.ടി വിദ്യാഭ്യാസവും പഴയ വേള്‍ഡ് ബാങ്ക് ഡയറക്ടറായ അനുഭവസമ്പത്തുമുള്ള ആളാണ്. സ്വാഭാവികമായും ഏത് വഴിക്ക് നീങ്ങുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജോര്‍ദാന്‍ സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല, ഇറാനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഒരു വിധം കെട്ടടങ്ങിയതേയുള്ളൂ. ഇറാഖ് അടക്കമുള്ള മേഖലയിലെ മറ്റു പല രാജ്യങ്ങളിലും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ പതിവ് കാഴ്ചയാവുന്നുണ്ട്.

2011 ലെ അറബ് വസന്തത്തെ ഭീകരമായി അടിച്ചമര്‍ത്തിയ ഭരണാധികാരികളുടെ നടപടികളുടെയും അതിന്റെ തുടര്‍ച്ചയായ യുദ്ധങ്ങളുടേയും ബാക്കി പത്രമായി വേണം ഇതിനെ വിലയിരുത്താന്‍. രണ്ട് കാര്യങ്ങള്‍ ഈ പ്രക്ഷോഭങ്ങളില്‍ നിരീക്ഷിക്കാനാവും.

ഒന്ന്, യുവജനതയാണ് ഈ പ്രക്ഷോഭകാരികളില്‍ ഭൂരിഭാഗവും.

രണ്ട്, ഏതെങ്കിലും സംഘടനകളുടേയോ പ്രത്യേക ആശയധാരയുടേയോ അടിസ്ഥാനത്തിലല്ല ഇവര്‍ സംഘടിക്കുന്നത്. പകരം വളരെ അടിസ്ഥാനപരമായ ആവശ്യങ്ങളും ആശയങ്ങളുമാണ് അവരെ നയിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യവും തങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശവുമാണവര്‍ ചോദിക്കുന്നത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം 2011 ല്‍ പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്നവര്‍ ശ്രദ്ധിക്കുന്നു എന്നതാണ്. എല്ലാവരേയും വിശാലാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ സാധിക്കാത്ത സങ്കുചിത വീക്ഷണം പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ സമരങ്ങളെ തീറെഴുതി കൊടുക്കാന്‍ അവര്‍ തയ്യാറല്ല. ഇസ്‌ലാമിസ്റ്റുകളോ തീവ്ര ആശയക്കാരോ സമരത്തെ ഹൈജാക്ക് ചെയ്യാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.

സ്ത്രീകള്‍ പിന്നണിയിലല്ല, മുന്നണിയില്‍ തന്നെയാണ്. “പ്രക്ഷോഭകര്‍ക്കിടയിലെ വമ്പിച്ച സ്ത്രീ പ്രാതിനിധ്യം വിരല്‍ ചൂണ്ടുന്നത് സ്ത്രീ തൊഴിലാളികള്‍ക്കിടയിലെ വര്‍ദ്ധിച്ചു വരുന്ന അവബോധമാണ്. അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കേണ്ട ചുമതല അവര്‍ സ്വയമേറ്റെടുക്കുകയാണ്, ആണുങ്ങളോട് ഒപ്പം ചേര്‍ന്ന്” – Jordanian Federation of Independent Trade Unions (JFITU) പ്രസിഡന്റ് വിജ്ദാന്‍ അബൂ ഗനീം പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. തങ്ങള്‍ സമത്വത്തിനായാണ് പോരാടുന്നതെന്നാണ് മറ്റൊരു ആക്റ്റിവിസ്റ്റായ ഫാത്വിമാ ഹുവൈസത്ത് പറഞ്ഞത്.

2011 ലെ പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടായ ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താന്‍ അസദ്, സഊദി, ഇറാന്‍, സയണിസ്റ്റ് ലോബി ….. തുടങ്ങി മേഖലയില്‍ ജനാധിപത്യം വരുന്നതിനെ ഭയന്ന എല്ലാവരും പയറ്റിയത് ഒരേ തന്ത്രമായിരുന്നു. പ്രക്ഷോഭത്തിന് തരം പോലെ മത, വംശീയ, തീവ്ര മാനങ്ങള്‍ നല്‍കിയായിരുന്നു അവര്‍ ഇതിനെ നേരിട്ടത്. തടവിലായിരുന്ന മത തീവ്രവാദികളെ ഒന്നടങ്കം തുറന്നു വിട്ട അസദും ഡസന്‍ കണക്കിന് തീവ വഹാബിസ്റ്റ് സംഘങ്ങളുടെ കയ്യിലേക്ക് പ്രക്ഷോഭങ്ങളെ ഏല്‍പ്പിച്ചു കൊടുത്ത സൗദി, തുര്‍ക്കി, ഖത്തര്‍, യു.എസ് തുടങ്ങിയവരും അവസരം മുതലെടുത്ത് ശിയാ വംശീയത തന്ത്രപരമായി വളര്‍ത്തിയ ഇറാനുമെല്ലാം ചേര്‍ന്ന് പശ്ചിമേഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളമാക്കി.

പതിനായിരങ്ങളെ കൊന്നൊടുക്കാനും ലക്ഷങ്ങളെ നരക ജീവിതത്തിലേക്ക് തള്ളിവിടാനും കാരണമായ നയങ്ങളെയാണ് ഇറാനിലും ജോര്‍ദാനിലും തെരുവിലിറങ്ങിയ യുവ ജനത പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത്. അവര്‍ ചോദ്യം ചെയ്യുന്നത് ഭരണാധികാരികളെ മാത്രമല്ല, പശ്ചിമേഷ്യയിലെ മുഴുവന്‍ അധികാര കേന്ദ്രങ്ങളെയുമാണ്.

വൈദ്യശാസ്ത്രം പരാജയപ്പെടുന്ന നിമിഷം വരെ അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന രാജാക്കന്‍മാര്‍, ഏകാധിപന്‍മാര്‍, അവര്‍ക്ക് പാദസേവ ചെയ്യുന്ന ശിയാ /സുന്നി മത പൗരോഹിത്യം, കാലത്തിന്റെ മാറ്റത്തിനെതിരില്‍ നിരന്തരം പോരാടുന്ന കാലഹരണപ്പെട്ട രാഷ്ട്രീയ ബോധവും ലോകവീക്ഷണവും പേറുന്ന ഇസ്‌ലാമിസ്റ്റുകള്‍, ഈ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനും അത് വഴി സ്വന്തം രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പെടാപാട് പെടുന്ന സയണിസ്റ്റ്- യു.എസ് അച്ചുതണ്ട്, അതിനിടയിലൂടെ സമര്‍ത്ഥമായി നീങ്ങുന്ന യൂറോപ്പ് – ഈ അധികാര കേന്ദ്രങ്ങളും അവരെ കോര്‍ത്തു നിര്‍ത്തുന്ന നിയോ ലിബറല്‍ അജണ്ടകള്‍ എന്നിവയൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

പാശ്ചാത്യ ആയുധ കമ്പനികളും അവരുടെ സമ്പദ്‌വ്യവസ്ഥയും മാത്രം തടിച്ചു കൊഴുക്കുന്ന പശ്ചിമേഷ്യയിലെ ജിയോ പൊളിറ്റിക്‌സിനെയാണ് അവര്‍ വെല്ലുവിളിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഈ വ്യവസ്ഥിതി കാലത്തിന്റെ ചവറ്റു കൊട്ടയിലെത്തുമെന്നാണ് തുടരുന്ന പ്രക്ഷോഭങ്ങള്‍ പറയുന്നത്. ജോര്‍ദാന്‍ ഒരുദാഹരണം മാത്രമാണ്. ഏകാധിപതികളുടെ അഴിമതിയും യുദ്ധവും കാരണം തകര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുടെ ഇരകളാണ് തെരുവിലിറങ്ങുന്നത്. അത് മേഖലയിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളേയും ബാധിക്കുന്ന പ്രശ്‌നവുമാണ്.

സ്വാഭാവികമായും എല്ലാവരും അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്. അറബ് വസന്തത്തിന്റെ തുടര്‍ച്ചയുണ്ടാവുന്നതിനെ അങ്ങേയറ്റത്തെ ഭീതിയോടെയാണിവര്‍ കാണുന്നത്. ജോര്‍ദാന്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സൗദി, യു.എ.ഇ, കുവൈറ്റ് എന്നിവര്‍ കൂടിയിരുന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 2.5 ബില്യണ്‍ ഡോളര്‍ മൂന്ന് പേരും കൂടി ജോര്‍ദാന് നല്‍കും. കാതലായ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതല്ല ഈ സഹായ പാക്കേജും.

സഹായത്തിലെ വലിയൊരു ഭാഗം ലോകബാങ്ക് ഗ്യാരന്റി ആണെന്ന് സൗദി ഗസറ്റ് വാര്‍ത്ത തന്നെ പറയുന്നുണ്ട്. അതായത് അതേ ലോക ബാങ്ക് നയങ്ങള്‍ തന്നെ തുടരുമെന്നര്‍ത്ഥം. കൊടുക്കുന്നത് തന്നെ താല്‍പര്യമുണ്ടായിട്ടല്ല, കൈവിട്ടാല്‍ ശത്രു പാളയമായ ഖത്തര്‍ /ഇറാന്‍ / തുര്‍ക്കി ചേരിയില്‍ അഭയം തേടുമെന്നോ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കുമെന്നോ ഒക്കെ ഭയക്കുന്നത് കൊണ്ട് മാത്രമാണ്.

ജോര്‍ദാനാണെങ്കില്‍ പണം കിട്ടില്ലെന്ന് വന്ന അവസരത്തില്‍ തന്ത്രപരമായി അതിന്റെ ചെറിയ സൂചനകള്‍ കാണിക്കുകയും ചെയ്തു. അല്‍ ജസീറക്ക് ജോര്‍ദാനിലുണ്ടായിരുന്ന വിലക്ക് മയപ്പെടുത്തിയതൊക്കെ സൗദി പക്ഷത്തെ പേടിപ്പിച്ചു. ലബനാനില്‍ ഇപ്പോള്‍ തന്നെ പഴയ പിടി ഇല്ലാതിരിക്കുമ്പോള്‍ അങ്ങേയറ്റം തന്ത്രപ്രധാനമായ ജോര്‍ദാനെക്കൂടി നഷ്ടപ്പെടുത്തുന്നത് അപകടകരമായി കണ്ടു.

അമേരിക്കയാണെങ്കില്‍ നേരത്തേ സൈനിക ഉപദേശകര്‍ എന്ന ലേബലില്‍ 200 പേരെ ജോര്‍ദാനില്‍ കുടിയിരുത്തിയിട്ടുണ്ട്. 2013 ല്‍ പ്രക്ഷോഭം വ്യാപകമായ സമയത്ത് കൊണ്ടു വന്നതാണ്. ജനാധിപത്യത്തിനായുള്ള ഏത് നീക്കത്തെയും മണത്തറിഞ്ഞ് അടിച്ചൊതുക്കാന്‍ ഏര്‍പ്പാടാക്കുകയാണ് ഇവരുടെ യഥാര്‍ത്ഥ പണി. ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ പ്രക്ഷോഭം മേഖലയിലാകെ പടരുമെന്നും നിലനില്‍പ്പ് തന്നെ ഭീഷണിയിലാവുമെന്ന തിരിച്ചറിവും കൃത്യമായുണ്ട്. ഇസ്രാഈലുമായി ചേര്‍ന്ന് പലസ്തീനിനെ ഇല്ലാതാക്കാന്‍ നോക്കുമ്പോഴും ജോര്‍ദാനിലേക്ക് കാശെറിയാന്‍ കാരണം മറ്റൊന്നുമല്ല.

പക്ഷേ അത് കൊണ്ടൊന്നും കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പലസ്തീന്‍, സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നം ഇനി വഷളാവാന്‍ ബാക്കിയില്ലാത്തത്ര വഷളായി കഴിഞ്ഞു. ജോര്‍ദാന്‍ ജനസംഖ്യയുടെ 50% പലസ്തീന്‍ വംശജരാണെന്നിരിക്കെ വളര്‍ന്നു വരുന്ന സൗദി- ഇസ്രഈല്‍- യു എസ് അച്ചുതണ്ടില്‍ ജനങ്ങള്‍ രോഷാകുലരാവുന്നത് സ്വാഭാവികം.

അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയുടെ കണക്ക് പ്രകാരം സിറിയന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ മാത്രം മേഖലയില്‍ 5.6 ബില്യണ്‍ ആവശ്യമാണ്. അതിന്റെ 20 ശതമാനം പോലും സഹായമായി ഇത് വരെ ജോര്‍ദാന് കിട്ടിയിട്ടില്ലെന്നും ഏജന്‍സി പറയുന്നു. മറ്റ് പ്രശ്‌നങ്ങളും നിരവധിയുണ്ട്. നിലവില്‍ സൗദിയും കൂട്ടരും നല്‍കാന്‍ പോകുന്ന പണം കൊണ്ടൊന്നും തീര്‍ക്കാവുന്ന പ്രശ്‌നമല്ലെന്ന് ചുരുക്കം.

അതിഭീമമായ തുക യമനിലും മറ്റുമായി പൊടിക്കുന്ന സൗദി ചേരിക്ക് കൂടുതല്‍ നല്‍കുന്നതിനും തടസ്സങ്ങളുണ്ട്. ഈജിപ്തിനെയും ബഹറയിനിനെയും പോലെ തീറ്റിപ്പോറ്റേണ്ട ഭീകര ഭരണകൂടങ്ങള്‍ വേറെയുമുണ്ട്. പാളിപ്പോയ യമന്‍, സിറിയ, ഖത്തര്‍, ലബനാന്‍ നയതന്ത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നു കൂടി താങ്ങാനുള്ള ശേഷിയില്ല.

മേഖലയിലെ ആയുധ മല്‍സരം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് മുന്നേറുകയാണ്. ജി.ഡി.പി ശതമാനക്കണക്കില്‍ ഏറ്റവുമധികം പ്രതിരോധത്തിന് ചെലവഴിക്കുന്ന ലോക രാജ്യങ്ങളില്‍ കൂടുതലും മേഖലയില്‍ നിന്നാണ്. സൗദി ബജറ്റിന്റെ 10.4 ശതമാനവും ചിലവഴിക്കുന്നത് പ്രതിരോധത്തിനാണ്. അമേരിക്കയുടേത് ഇത് 3.5 ഉം ചൈനയുടേത് 2.1 ഉം ജര്‍മനിയുടേത് 1.2 ഉം മാത്രമാണ്. (അവര്‍ക്ക് പ്രതിരോധം ഒരു വരുമാന മാര്‍ഗം കൂടിയാണെന്നത് മറ്റൊരു കാര്യം.)

ബജറ്റില്‍ തുക വെട്ടിക്കുറച്ചത് കാരണം സൗദിയില്‍ ആരോഗ്യ മേഖല പ്രതിസന്ധി നേരിടുകയാണെന്ന് ഈയടുത്താണ് വാര്‍ത്തകള്‍ വന്നത്. പാകിസ്ഥാനെയോ ഇസ്രാഈലിനെയോ കൂട്ടു പിടിച്ച് അണുവായുധ ശേഷി കൈവരിക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നതെന്നും വാര്‍ത്തകളുണ്ട്.

റഷ്യയില്‍ നിന്നും S400 മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഖത്തര്‍ തീരുമാനമെടുത്തു കഴിഞ്ഞു. യു.എ.ഇ ഒരു പടി കൂടി കടന്നിട്ടുണ്ട്. ആയുധം മാത്രമല്ല, വിദേശ കൂലിപ്പട്ടാളത്തെ തന്നെ വിലക്കെടുത്താണ് യമനിലും മറ്റും യുദ്ധം ചെയ്യുന്നത്. ഉപരോധവും വ്യവസ്ഥാപിത അഴിമതിയും വഴി തകര്‍ന്നടിഞ്ഞ ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ് സിറിയന്‍ ഇടപെടലും പുതിയ ആയുധ കച്ചവടങ്ങളും.

ആയുധവും അധികാരവും ഉപയോഗിച്ച് ജനഹിതത്തെ അടിച്ചമര്‍ത്താനാണ് ഇവരുടെ ശ്രമം. സ്വാഭാവികമായും ഇത് പരാജയപ്പെടുകയേ ഉള്ളൂ. ഒന്നാം അറബ് വസന്തത്തെ നേരിടാന്‍ ഉപയോഗിച്ച അധികാര ഹുങ്കിന്റെ പരിണിത ഫലമാണ് പുതിയ പ്രക്ഷോഭങ്ങള്‍. പഴയ പോരായ്മകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട യുവ ജനത പുതിയ അറബ് വസന്തത്തിനൊരുങ്ങുന്നതിന്റെ സൂചന മാത്രമാണ് ജോര്‍ദാനിലെ പ്രക്ഷോഭം.

29 കാരനായ ബനീ മെല്‍ഹാം അല്‍ജസീറയോട് പറഞ്ഞതില്‍ എല്ലാമുണ്ട്. “സൗദിയും കൂട്ടരും പ്രഖ്യാപിച്ച സഹായധനം സാമൂഹിക നീതി കൈവരിക്കാനോ ജോര്‍ദാന്റെ തൊഴിലില്ലായ്മ പരിഹരിക്കാനോ ഉതകുകയില്ല. ഞങ്ങള്‍ തെരുവിലിറങ്ങിയത് സാമൂഹിക മാറ്റത്തിനും വ്യവസ്ഥിതിയുടെ സമഗ്രമായ ഉടച്ചു വാര്‍ക്കലിനുമാണ്. ഏതെങ്കിലും രാജ്യങ്ങളോട് സാമ്പത്തിക സഹായം ചോദിക്കാനല്ല ഞങ്ങള്‍ തെരുവിലിറങ്ങിയത്.”

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more