| Thursday, 28th September 2023, 9:07 am

ഭരണവിരുദ്ധ വികാരം, പരാജയ ഭീതി; മധ്യപ്രദേശില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എം.എല്‍.എമാര്‍ക്ക് കൂട്ടത്തോടെ സീറ്റ് നിഷേധിച്ച് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടാതെയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ബി.ജെ.പി മധ്യപ്രദേശില്‍ നടപ്പിലാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു സ്ഥനാര്‍ത്ഥിയില്ലാത്തതാണ് മധ്യപ്രദേശില്‍ ബി.ജെ.പിയ പ്രതിസന്ധിയിലാക്കുന്നത്.

വ്യക്തി പ്രഭാവമല്ല പാര്‍ട്ടി നയങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത് എന്ന് പറയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രീകരിച്ചായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക എന്നും പറയുന്നുണ്ട്.

കേന്ദ്ര മന്ത്രിമാരും എം.പിമാരും കൂട്ടത്തോടെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ബി.ജെ.പിയുടെ പരാജയ ഭീതി കാരണമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പരാജയഭീതി കാരണം മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് പല എം.പി.മാരും കേന്ദ്ര മന്ത്രിമാരും മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗ്യ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. മത്സരിക്കുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്നും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചതിനാലാണ് മത്സരിക്കുന്നത് എന്നും കൈലാഷ് വര്‍ഗ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞിരുന്നു.

കൈലാഷ് വര്‍ഗ്യക്ക് പുറമെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍, ഫഗ്ഗന്‍ സിങ്, പ്രഹ്ലാദ് സിങ് പട്ടേല്‍, ലോക്‌സഭയിലെ ബി.ജെ.പി ചീഫ് വിപ്പ് രാകേഷ് സിങ്, എം.പിമാരായ ഋതി പഠക്, ഉദയ് പ്രതാപ് സിങ്, ഗണേഷ് സിങ് തുടങ്ങിയവരും ഇപ്പോള്‍ പ്രഖ്യാപിച്ച നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.ദേശീയ നേതാക്കളെ മത്സരത്തിനിറക്കി പ്രത്യാഘാതം കുറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായ 78 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ച 39 ഇടങ്ങളില്‍ മഹാഭൂരിഭാഗം മണ്ഡലങ്ങളും കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ജയിച്ചത്. ബി.ജെ.പി വിജയിച്ചിരുന്ന മൂന്നിടങ്ങളില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. പരാജയ ഭീതിയും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ ഭരണ വിരുദ്ധ വികാരവുമാണ് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക അവരുടെ ആഭ്യന്തര പരാജയത്തിന്റെ മുദ്രയാണെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശിന്റെ വികസനത്തെ കുറിച്ചുള്ള അവകാശവാങ്ങള്‍ പൊള്ളയായിരുന്നു എന്ന് തെളിഞ്ഞൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണത്തിന്റെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും അവകാശവാദങ്ങള്‍ നിരാകരിക്കുന്നതാണ് സ്ഥാനാര്‍ത്ഥി പട്ടികയെന്നും അദ്ദേഹം പറഞ്ഞു.

content highlights: Anti-government sentiment, fear of failure; Denying seats to sitting MLAs in Madhya Pradesh, BJP has no chief ministerial candidate

We use cookies to give you the best possible experience. Learn more