| Wednesday, 7th August 2024, 12:03 pm

ബംഗ്ലാദേശിന് സമാനമായ സർക്കാർ വിരുദ്ധ പ്രതിഷേധം ഇന്ത്യയിലും സംഭവിക്കാം; കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബംഗ്ലാദേശിന് സമാനമായ സർക്കാർ വിരുദ്ധ പ്രതിഷേധം ഇന്ത്യയിലും സംഭവിക്കാമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശനത്തിനിടയിൽ സംസാരിക്കുമ്പോഴാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സൽമാൻ ഖുർഷിദിന്റെ പരാമർശം.

‘കശ്മീരിൽ എല്ലാം സാധാരണമാണെന്ന് തോന്നാം, ഇവിടെ എല്ലാം സാധാരണമായി കാണപ്പെടാം. ഒരുപക്ഷെ ഞങ്ങൾ ഈ വിജയം ആഘോഷിക്കുന്നുണ്ടാവാം. എന്നാലും ഈ വിജയം നാമമാത്രമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഞങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പക്ഷെ സത്യത്തിൽ ഇതിനെല്ലാം താഴെ എന്തോ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കാം. എന്നാൽ നമ്മുടെ രാജ്യത്തിന്റെ വ്യാപനമാണ് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇവിടെ സൃഷ്ടിക്കാത്തത്,’അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കുകിഴക്കൻ ദൽഹിയിലെ ഷഹീർ ബാഗിൽ സ്ത്രീകൾ നേതൃത്വം നൽകിയ സി.എ.എ – എൻ.ആർ.സി പ്രതിഷേധങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഈ പ്രതിഷേധം നൂറ് ദിവസത്തോളമായി തുടരുകയും രാജ്യത്തുടനീളം ഇത് സമാനമായ പ്രകടനങ്ങൾക്ക് പ്രചോദനമായെന്നുമാണ് സൽമാൻ ഖുർഷിദ് സി.എ.എ – എൻ.ആർ.സി പ്രതിഷേധങ്ങളെ കുറിച്ച് പറഞ്ഞത്. എന്നാൽ പങ്കെടുത്ത പലരും ഇപ്പോഴും ജയിലിൽ കഴിയുന്നതിനാൽ പരാജയപ്പെട്ട പ്രക്ഷോഭമായാണ് അദ്ദേഹം ഇതിന് വിശേഷിപ്പിച്ചത്.

ഷഹീൻ ബാഗ് പോലെ മറ്റൊരു പ്രക്ഷോഭം ഇന്ന് ഇന്ത്യയിൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഷഹീൻ ബാഗ് പരാജയപ്പെട്ടെന്ന എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് വിരോധമുണ്ടോ? എന്നാൽ ഞങ്ങളിൽ പലരും ഷഹീൻ ബാഗ് വിജയിച്ചെന്നാണ് വിശ്വസിക്കുന്നത്. ആ പ്രതിഷേധവുമായി ബന്ധപ്പെട്ട ആളുകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. അവരിൽ എത്ര പേർ ഇപ്പോഴും ജയിലിലാണ്? എത്രയാളുകളെ രാജ്യത്തിന്റെ ശത്രുവായി മുദ്രകുത്തി?,’അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാർ ശരിക്കും ദുരന്തം അനുഭവിച്ചതിനാൽ ഇനിയൊരു ഷഹീൻ ബാഗ് ആവർത്തിക്കുമോയെന്ന് തനിക്കുറപ്പില്ലെന്നും അദ്ദേഹം സൽമാൻ ഖുർഷിദ് പറഞ്ഞു.

അതേസമയം ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ജൂലൈയിൽ നടത്തിയ പ്രതിഷേധം 200 പേരുടെ മരണത്തിനിടയാക്കിയതോടെയാണ് ജനങ്ങൾ ഹസീനയുടെ രാജി ആവശ്യപ്പെട്ടത്.

പ്രതിഷേധത്തിന്റെ പേരിൽ അട്ടിമറിയും ആക്രമണവും നടത്തുന്നവർ ഇപ്പോൾ വിദ്യാർത്ഥികളല്ല ക്രിമിനലുകളാണെന്നും ജനങ്ങൾ അവരെ ഇരുമ്പ് കൊണ്ട് നേരിടണമെന്നും ഹസീന ഇതിനോട് പ്രതികരിച്ചിരുന്നു.

Content Highlight: Anti-government protests similar to Bangladesh may occur in India; Congress leader Salman Khurshid

We use cookies to give you the best possible experience. Learn more