| Tuesday, 9th October 2018, 8:26 am

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന വെബ്‌പോര്‍ട്ടലുകളുടെ എഡിറ്റര്‍മാരുള്‍പ്പടെ ഒരു ഡസനിലധികം മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മുന്‍ ബി.ബി.സി മാധ്യമപ്രവര്‍ത്തകനും ജനതാ കാ റിപ്പോര്‍ട്ടര്‍ എഡിറ്ററുമായ റിഫാത് ജാവേദ്, പ്രശസ്ത കോളമിസ്റ്റായി ഐജാസ് സെയ്ദ് അടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.

അജയ് പ്രകാശ് (ദൈനിക് ഭാസ്‌കര്‍), പ്രേമ നേഗി, പ്രകാശ് (ജന്‍വാര്‍), മുംതാസ് ആലം, സെയ്ദ് അബ്ബാസ് (കാരവാന്‍), ബോള്‍ട്ടാ ഹിന്ദുസ്ഥാന്‍.കോം, ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ വസീം ത്യാഗി, സഞ്ജയ് പാണ്ഡെ എന്നിവരുടെയെല്ലാം ഫേസ്ബുക്ക് ക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ടെലഗ്രാഫ് പത്രമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ജനതാ കാ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ റിഫാത് ജാവേദിന്റെതാണ് സെപ്റ്റംബര്‍ 27ന് ഇത്തരത്തില്‍ ആദ്യം ബ്ലോക്ക് ചെയ്യപ്പെട്ടത്.

“റാഫേല്‍ അഴിമതിയില്‍ റിപ്പോര്‍ട്ട് കൊണ്ടു വന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം കുറച്ച് സമയത്തേക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട് പ്രതിഷേധമറിയിച്ചപ്പോഴാണ് പുനസ്ഥാപിക്കപ്പെട്ടത്. പ്രകോപനകരമായി ഫേസ്ബുക്കില്‍ ഒന്നും എഴുതിയിരുന്നില്ല. പക്ഷെ സെപ്റ്റംബര്‍ 27ന് അയോധ്യക്കേസിലെ ഒരു വിധിയെ കുറിച്ച് പോസ്റ്റിട്ട് ഒരു മിനുട്ടിന് ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഒരു ദിവസം കഴിഞ്ഞാണ് പിന്നെ ബ്ലോക്ക് റിമൂവ് ചെയ്തത്.” റിഫാത് പറയുന്നു.

കാരവാനിലെയും ജന്‍വാറിലെയും മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ഏറ്റവുമധികം ബാധിച്ചത്. വ്യാജവാര്‍ത്തകള്‍ക്കെതിരെയടക്കം റിപ്പോര്‍ട്ട് നല്‍കുന്ന പേജാണ് ജന്‍വാര്‍.

ഒക്ടോബര്‍ 1ന് ഗൗതം നവ്‌ലേഖയെ ജാമ്യത്തില്‍ വിട്ട വാര്‍ത്തയടക്കം അഞ്ച് വാര്‍ത്തകള്‍ ഫേസ്ബുക്ക് സ്പാംആയി അടയാളപ്പെടുത്തിയിരുന്നു. പിന്നീട് ഒക്ടോബര്‍ നാലിന് എന്റെയും പ്രേമയുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി കണ്ടു. ജന്‍വാര്‍ പേജിന്റെ അഡ്മിനുകളാണ് ഞങ്ങള്‍ രണ്ടുപേരും. രണ്ടു ദിവസത്തിനിടെ എന്റെ അക്കൗണ്ട് നാലുതവണയും നേഗിയുടേത് നാലുതവണയും ബ്ലോക്ക് ചെയ്യപ്പെട്ടു. അജയ്പ്രകാശ് പറയുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊടുത്തതിന് തങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തടഞ്ഞുവെച്ചതായി നേരത്തെ കാരവാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more