സൂചിമുന / തുന്നല്‍ക്കാരന്‍
ഒന്ന്
കോണ്‍ഗ്രസിനെ നന്നാക്കിയെടുക്കാമെന്ന് ആരും വിചാരിക്കേണ്ട കാര്യമില്ല. അത്
നന്നാവാന്‍ ആയിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം മഹാത്മജി പറഞ്ഞ വഴിക്കേ
പോകുമായിരുന്നു. പിരിഞ്ഞ് പോകാനും ജനങ്ങളെ അധികാരമില്ലാതെ സേവിക്കാനും
പറഞ്ഞപ്പോള്‍ ആ പൂതി മനസ്സില്‍ വെച്ചേച്ചാ മതിയെന്നും ഞങ്ങള്‍
സ്വാതന്ത്ര്യസമരം നടത്താന്‍ പിന്നാലെ നടന്നത് ബ്രിട്ടീഷുകാരുടെ കൈകളില്‍
നിന്നും അതൊന്ന് വാങ്ങിച്ചേച്ചും സ്വതന്ത്രമായ് ഈ നാടൊന്നു കട്ട്
മുടിക്കാമെന്നും വിചാരിച്ചാ എന്ന് കോണ്‍ഗ്രസുകാര്‍ മനസ്സില്‍
പറഞ്ഞിട്ടുണ്ടാകും..
മഹാത്മജി ഗോഡ്‌സെയുടെ വെടി മാറില്‍ ഏറ്റ് വാങ്ങിയപ്പോള്‍
കോണ്‍ഗ്രസുകാരാവും ഏറ്റവും അധികം സന്തോഷിച്ചത്. ഇനി ആരും തങ്ങളെ വഴക്ക്
പറയാന്‍ വരില്ലല്ലോ എന്ന് വിച്ചാരിച്ച്.
പക്ഷേ അവര്‍ തങ്ങളുടെ
സ്വതസിദ്ധമായ എല്ലാ അലമ്പു പരിപാടിയും ബാപ്പുജി മരിച്ച് കിടന്നപ്പോഴും
പ്രയോഗിച്ചു.ച്ചാല്‍, നെഞ്ചത്തടിയും പതം പറച്ചിലും നിലവിളിയും ന്ന്
അര്‍ത്ഥം..! തലമൂത്ത നെഹ്‌റു തന്നെ തുടങ്ങിവെച്ചു. ” ഒരു വെളിച്ചം നമ്മേ
വിട്ട് അകന്നുപോയി” എന്ന രീതിയില്‍ ആരംഭിച്ച പ്രസംഗം ഇന്നും
കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടാണു.[]
ബാപ്പുജി അന്ന് മരിച്ചത് നന്നായെന്ന്
കോണ്‍ഗ്രസുകാര്‍ സ്വകാര്യമായ് വിചാരിച്ചിട്ടുണ്ടാകും.
അല്ലായിരുന്നെങ്കില്‍ മഹാത്മജി തോക്കെടുക്കുമായിരുന്നു. വിറക്കുന്ന
കരങ്ങളാല്‍ കൃത്യമായ് ഇവരുടെ ആമാശയത്തിനു തന്നെ വെടി വെക്കുകയും
ചെയ്യുമായിരുന്നു..തലക്കിട്ടും ഹൃദയത്തിനിട്ടും വെടിവെച്ചിട്ട് ഒരു
കാര്യവും ഇല്ലെന്നും ബാപ്പുജിക്ക് അറിയാം..
ആര്‍ക്കൊക്കെ ഈ കാര്യത്തില്‍ സംശയമുണ്ടെങ്കിലും നമ്മുടെ എറണാകുളം എം.പി
തോമസ് മാഷിനു യാതൊരു സംശയവും ഉണ്ടാവില്ല. ഒരു നാട്ടിലെ ജനത മുഴുവന്‍
എന്‍ഡോ സള്‍ഫാന്റെ ദുരിതങ്ങള്‍ അനുഭവിച്ച് ജീവിക്കുമ്പോള്‍, മനുഷ്യരായ്
പിറന്നൊരുവനും പറയാത്ത അത്രക്ക് നിന്ദ്യമായ വാക്കുകള്‍ ഉച്ഛരിച്ച മനുഷ്യനെ
ആരൊക്കെ വെറുതെ വിട്ടാലും മഹാത്മാ അത് ചെയ്യില്ല. കുറഞ്ഞപക്ഷം തന്റെ
കൈയ്യിലെ വടികൊണ്ട് ചന്തി പൊട്ടുന്ന രീതിയില്‍ രണ്ട് പെടയെങ്കിലും
കൊടുക്കും… ബാപ്പുജി കരിമീന്‍ തിന്നാതിരുന്നതിനാല്‍ തോമസ് മാഷിന്റെ ആ
നമ്പറും വിലപ്പോവില്ല..
സോണിയാ മാഡം നിങ്ങളുടെ കരിമീന്‍ തീറ്റകൊണ്ട് പല പ്രശ്‌നങ്ങളും നാട്ടില്‍
നടക്കുന്നത് നിങ്ങള്‍ അറിയുന്നുവോ..? ഇവനൊക്കെ കൊണ്ടുവന്നു തരുന്ന
കരിമീന്‍ തിന്നാല്‍ നാവു പൊള്ളിപ്പോകും അത്രക്ക് ജനങ്ങളുടെ പ്രാക്കുണ്ട്.
ദയവായ് അതൊക്കെ തുപ്പിക്കളയുകയും ഈ നരാധമനെതിരെ കേസെടുക്കുകയും ചെയ്യുക.
രണ്ട്.
സുധീരന്‍ സു ധീരമായ് തന്നെ എന്‍ഡോ സള്‍ഫാനെതിരെ സംസാരിച്ചു കഴിഞ്ഞു. കേരളത്തില്‍ ഗതിപിടിക്കാത്ത ഒരു കോണ്‍ഗ്രസുകാരന്‍ . ഇത്തരം ആള്‍ക്കാരെ ഒരിക്കലും വളരാന്‍ കോണ്‍ഗ്രസുകാര്‍ സമ്മതിക്കില്ല.
ഇപ്പോഴും കേരളത്തിനെ ജനങ്ങള്‍ മുരളീധരന്‍ ടെലിവിഷനില്‍ വന്ന് വല്ലതും പറഞ്ഞാല്‍ അത് ശ്രദ്ധിക്കും. അതുപോലെ പത്ത് ആള്‍ക്കാര്‍ കൂടുന്നിടത്ത് മുട്ട് വിറക്കാതെ രണ്ടക്ഷരം പൊട്ടത്തരമെങ്കിലും പറയാന്‍ കഴിയുന്ന ഒരു നേതാവ് മുരളീധരന്‍ മാത്രമാണു.. മുരളീധരന്‍ പാര്‍ട്ടിയുടെ അകത്താകുന്ന അന്നു തുടങ്ങും രമേശ് ചെന്നിത്തലയുടെ തലവരയില്‍ പേനരിക്കാന്‍..!
മൂന്ന്..
ലോകത്ത് എന്ത് സംഭവിച്ചാലും ആന്റണിച്ചായന്‍ മിണ്ടൂല. ഇത്രക്ക് മൗനത്തെ ഗൗര്‍ഭത്തില്‍ വഹിക്കുന്നതിനാല്‍ മുഖം സദാ ഗര്‍ഭാലസ്യത്തിലും ആയിരിക്കും. പക്ഷേ, കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധി കഴഞ്ചിനെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അതീ മൂപ്പിലാനെയാണു. സോണിയാ ഗാന്ധിക്ക് ധൈര്യമായ് ആന്റണിയെ കൂടെ നിര്‍ത്താം. ദോഷൈകദൃക്കുകള്‍ പോലും ആന്റണി പെണ്ണുങ്ങളെ കിള്ളുമെന്നോ കൈക്കൂലി വാങ്ങി മുഠായി വാങ്ങുമെന്നോ പറയില്ല. പിന്നെ വല്ല പീരങ്കിയും മേടിക്കുമ്പോള്‍ വാങ്ങുന്ന കാശിനു കണക്കില്ലാത്തതിനാല്‍… മേ ബീ.. അല്പം രുചിച്ചേക്കാം.. “എബ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും” എന്ന് അറിയാതെയല്ല.. പക്ഷേ, കോണ്‍ഗ്രസ് അല്ലേ പാര്‍ട്ടീസ്, കക്കാതെ എന്ത് ആഘോഷം ! എന്ന് വിചാരിച്ചിട്ടുണ്ടാകും..
മുറിക്കഷ്ണം..!
തന്റെ അനുവാദമില്ലാതെ ഒബാമയെ കെട്ടിപ്പിടിക്കാന്‍ “പ്രോട്ടോക്കോള്‍” തെറ്റിച്ച് പോയ മന്‍ മോഹന്‍ സിംങ്ങ് കാണിച്ച വിളച്ചില്‍ സോണിയാ മാഡം സഹിച്ച് കൊടുക്കാന്‍ പോകുന്നില്ല. ഇത്രക്ക് “ഷൈനിങ്ങ്” പാടുണ്ടോ ? അതും “പ്രോട്ടോക്കോള്‍” തെറ്റിച്ച്. മാഡത്തിന്റെ മുന്നില്‍ എത്ര ഏത്തമിട്ടാലും രക്ഷയില്ല. കാരണം അധികം വിളയാന്‍ വിട്ടാല്‍ തന്റെ തലയില്‍ കയറി നിരങ്ങുമെന്ന് ആര്‍ക്ക് അറിയില്ലെങ്കിലും ഇറ്റലിക്കാരി സോണിയാജിക്ക് അറിയാം… സോ ജാഗ്രതേ… തൊപ്പിക്കാരാ..!