കൊച്ചി: ലഹരിവിരുദ്ധ ക്യാമ്പെയ്‌നിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കാന്‍ യു.ഡി.എഫ്. ഒരു കുട്ടി പോലും ലഹരി മാഫിയയുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണ വലയം സൃഷ്ടിക്കാനാണ് തീരുമാനം. റസിഡന്റ്സ് അസോസിയേഷനുകളെയും മറ്റ് സാമൂഹിക- സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പടെ നിരീക്ഷണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട് കിട്ടുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്നും, സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കേരളം മുഴുവന്‍ ഗുണ്ട, ലഹരി മാഫിയ വലവിരിച്ചിരിക്കുകയാണ്. സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ ലഹരി മാഫിയക്ക് സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ.എം ആത്മപരിശോധന നടത്തണമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്‌നിനും കൊച്ചിയില്‍ തുടക്കമായി. ലഹരിവിരുദ്ധ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു.
യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമാ നടന്‍ രഞ്ജി പണിക്കര്‍ ലോഗോ പ്രകാശനം ചെയ്തു. സംഗീത സംവിധായകന്‍ ബേണി ഇഗ്‌നേഷ്യസ് ഏറ്റുവാങ്ങി. യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളും ജന പ്രതിനിധികളും പങ്കെടുത്തു.
ഈ മാസം 10 മുതല്‍ 20 വരെ എല്ലാ ജില്ലകളിലും ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ക്യാമ്പെയ്‌നുകള്‍ നടക്കും.
അതേസമയം, ലഹരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പെയ്‌നിന്റെ അടുത്ത ഘട്ടം നവംബര്‍ 14 മുതല്‍ ജനുവരി 26 സംഘടിപ്പിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം വിശദാംശങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ ലഹരി വിരുദ്ധ ശൃംഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും കണ്ണിചേര്‍ന്നു ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശൃംഖലയില്‍ കണ്ണിചേര്‍ന്നു. തുടര്‍ന്ന് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു.