| Saturday, 8th May 2021, 4:33 pm

കൊവിഡില്‍ നിന്നും വേഗത്തില്‍ രോഗമുക്തി; ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിന് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനെ നേരിടാന്‍ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് മരുന്നിന് അനുമതി നല്‍കിയത്.

ഡി.ആര്‍.ഡി.ഒയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡി.ജി) എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചത്.

രോഗികള്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നത്. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഇത് എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഡി.ആര്‍.ഡി.ഒ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഓക്ടോബര്‍ വരെയുള്ള മാസങ്ങളിലായി മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തി വരികയായിരുന്നു. 110 പേരിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്. മൂന്നാം ഘട്ട പരീക്ഷണം നടത്തിയത് ദല്‍ഹി, യു. പി, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 27ഓളം ആശുപത്രികളിലാണ്.

ഈ മരുന്ന് കൊവിഡ് രോഗികള്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്ന് കണ്ടെത്തി. ഈ മരുന്ന് പൊടി രൂപത്തിലാണ് വരുന്നത്. വെള്ളത്തില്‍ ലയിപ്പിച്ചാണ് മരുന്ന് കഴിക്കേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടി വൈറസിന്റെ വളര്‍ച്ചയെ തടയുകയാണ് ചെയ്യുന്നതെന്ന് ഡി.ആര്‍.ഡി.ഒയുടെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്‍മാസ്- ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ മോളിക്യൂലര്‍ ബയോളജിയുടെ സഹായത്തോടെ ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തി ഈ തന്മാത്ര SARS-coV-2 വൈറസിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തിയിരുന്നു. ഈ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.സി.ജി.ഐ 2020 മെയില്‍ തന്നെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anti-Covid drug developed by DRDO cleared for emergency use

We use cookies to give you the best possible experience. Learn more