ബെംഗളൂരു: കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ സോളിഡാരിറ്റി ഫോറം (എന്‍.എസ്.എഫ്) രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കി.
ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും മനുഷ്യാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണമെന്നും എന്‍.എസ്.എഫ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഭരണഘടനയില്‍ മതിയായ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ പുതിയ മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമില്ലെന്നും എന്‍.എസ്.എഫ് പറഞ്ഞു.
‘മതസ്വാതന്ത്ര്യ നിയമം എന്ന് വിളിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം എവിടെയാണ് പാസാക്കിയത്. ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് സ്വത്വങ്ങളെയും പീഡിപ്പിക്കുന്നതിനുള്ള നായയീകരണമായി മാറിയിരിക്കുകയാണ് ഈ നിയമം,’ എന്‍.എസ്.എഫ് കണ്‍വീനര്‍ പ്രൊഫ. റാം പുണ്യാനി പറഞ്ഞു.
ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ നിവേദനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ്, നര്‍ത്തകി മല്ലിക സാരാഭായ്, ആക്ടിവിസ്റ്റ് മേധാ പട്കര്‍, മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ എന്നിവരും രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ ആദ്യ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
നേരത്തെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്‍ണാടക സര്‍ക്കാറും രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശ് മാതൃകയിലാണ് കര്‍ണാടകയിലെയും നിയമം. നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നല്‍കുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. മതപരിവര്‍ത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലില്‍ വകുപ്പുകളുണ്ട്.
അതിന് പുറമെ, നിയമപരമായ മതം മാറ്റത്തിനും കടമ്പകളേറെയാണ്. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം മതം മാറാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം. മജിസ്ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തില്‍ നിര്‍ബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാല്‍ അപേക്ഷ നല്‍കി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.
ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക.
മതപരിവര്‍ത്തന നിരോധന ബില്ലിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ വലിയ നിരാശയുണ്ടെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവര്‍ക്കും ദളിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കും എതിരായ ആക്രമങ്ങള്‍ വര്‍ധിക്കുന്നതിന് നിയമം കാരണമാകുമെന്ന് ആശങ്കയുള്ളതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയിരുന്നു.
Content Highlights: Anti-conversion laws; Petition to the President against the Religious Freedom Bill in Karnataka