ജയ്‌പൂർ: നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ അവതരിപ്പിക്കാനൊരുങ്ങി രാജസ്ഥാൻ. ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗവർണർ ഹരിഭാവു ബാഗ്‌ഡെ അറിയിച്ചു.
സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ, സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട നിയമനിർമ്മാണ, സാമ്പത്തിക അജണ്ടകളുടെ പട്ടിക ഗവർണർ വായിച്ചു. രാജസ്ഥാൻ നിയമവിരുദ്ധമായി മതപരിവർത്തനം തടയുന്നതിനുള്ള ബിൽ, രാജസ്ഥാൻ ചരക്ക് സേവന നികുതി ഭേദഗതി ബിൽ, ഭരത്പൂർ വികസന അതോറിറ്റി ബിൽ, ബിക്കാനീർ വികസന അതോറിറ്റി ബിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ, ബില്ലുകളെ കുറിച്ച് അദ്ദേഹം കൂടുതൽ വിശദമായി ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിൻ്റെ പ്രസംഗത്തിന് ശേഷം സഭാനടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. നവംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മതപരിവർത്തന വിരുദ്ധ ബില്ലിൻ്റെ കരട് അംഗീകരിച്ചിരുന്നു.
ആരെങ്കിലും മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷിക്കണമെന്ന് ബിൽ നിർദേശിക്കുന്നു. അത് നിർബന്ധിത മതപരിവർത്തനമാണോ അല്ലയോ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് പരിശോധിക്കും. നിർബന്ധിതമോ പ്രലോഭനപരമോ ആയതല്ല മതപരിവർത്തനം എന്ന് കണ്ടെത്തിയാൽ അപേക്ഷ അനുവദിക്കും.
അതേസമയം രാജസ്ഥാൻ സർക്കാർ വെറും വാഗ്ദാനങ്ങൾ നൽകാറില്ലെന്നും പ്രവർത്തിച്ച് കാണിക്കാറുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി തെളിവായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘നിർഭാഗ്യവശാൽ, മുൻ സർക്കാരിൻ്റെ കാലത്ത് ഈ പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. അത് നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സർക്കാർ ശക്തമായ മുൻകൈകൾ എടുത്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ 350 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Anti-conversion bill to be introduced in Budget Session of Rajasthan Assembly