ബെംഗളൂരു: വിവാദമായ മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍. കോണ്‍ഗ്രസിന്റേയും ജെ.ഡി.എസിന്റേയും എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ബില്ല് പാസാക്കിയത്. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയായിരുന്നു ബില്ല് അവതരിപ്പിച്ചത്.
കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയണ്‍ ബില്ല് കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടക നിയമസഭ പാസാക്കിയിരുന്നു.
അന്ന് ഭരണകക്ഷിയായ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായിരുന്നതിനാല്‍ ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാസായിരുന്നില്ല. ബില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി സര്‍ക്കാര്‍ ഈ വര്‍ഷം മേയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് വ്യാഴാഴ്ച ബില്‍ ഉപരിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. അടുത്ത കാലത്തായി സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമായതായി അദ്ദേഹം ബില്ല് അവതരിപ്പിക്കുന്നതിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
വശീകരിച്ചും ബലംപ്രയോഗിച്ചും മതം മാറ്റുന്നുണ്ടെന്നും ഇത് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ബില്ല് അവതരിപ്പിക്കുന്നതിനിടെ ആരോപിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസും ജി.ഡി.എസും ബില്ലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.
പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം.
കൂട്ട മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള നീക്കമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം തുടക്കം മുതലേ ആരോപിക്കുന്നത്.
Content Highlight: Anti-conversion bill passed in karnataka legislative assembly, congress alleges that the bill is to attack the minorities