| Wednesday, 16th November 2022, 7:59 pm

ക്രിസ്തീയ വിശ്വാസത്തിന് എതിരായ ആഘോഷങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രോത്സാഹിപ്പിക്കരുത്; സഭയുടെ നിലപാടുകള്‍ കാത്തുസൂക്ഷിക്കണമെന്ന് കെ.സി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ക്രിസ്തീയ വിശ്വാസത്തിനും ധാര്‍മിക കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) ജാഗ്രതാ കമ്മീഷന്‍.

ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ധാര്‍മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാര്‍ത്തെടുക്കാന്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സഭാ സ്ഥാപനങ്ങളില്‍ പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണെന്നും കുറിപ്പിലൂടെ കെ.സി.ബി.സി ആഹ്വാനം ചെയ്തു.

ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകള്‍ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ ധാര്‍മ്മിക അപചയത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്യാന്‍ സഭാസ്ഥാപനങ്ങള്‍ സവിശേഷ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതാണെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ലഹരി വിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിവസം ആക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തള്ളിക്കൊണ്ട് കെ.സി.ബി.സി രംഗത്തെത്തിയിരുന്നു. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടാണ് കെ.സി.ബി.സി സര്‍ക്കാരിന് മറുപടി കൊടുത്തത്.

ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കണമെന്നുമാണ് കെ.സി.ബി.സി അന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

കെ.സി.ബി.സി വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടര്‍ച്ചയാണ് സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളും ഇടപെടലുകളും. സ്‌നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകര്‍ന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാര്‍മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാര്‍ത്തെടുക്കാന്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

അതുപോലെതന്നെ, വിശ്വാസ ജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ സഭാ സ്ഥാപനങ്ങളില്‍ പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാര്‍മിക കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്.

സ്‌കൂള്‍, കോളേജ് മാനേജ്മെന്റുകള്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകള്‍ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികള്‍ക്കും ധാര്‍മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീര്‍ക്കുകയും ചെയ്യാന്‍ സഭാസ്ഥാപനങ്ങള്‍ സവിശേഷ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതാണ്.

സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം.

ഫാ. മൈക്കിള്‍ പുളിക്കല്‍
സെക്രട്ടറി, കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍

Content Highlight: Anti-Christian celebrations should not be encouraged in educational institutions Says KCBC

We use cookies to give you the best possible experience. Learn more