| Saturday, 6th August 2022, 3:39 pm

ശൈശവ വിവാഹ വിരുദ്ധ ബില്‍ എട്ട് വര്‍ഷമായി കെട്ടിക്കിടക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ബലൂചിസ്ഥാനിലെ വനിതാ പാര്‍ലമെന്റംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ എട്ട് വര്‍ഷമായി ശൈശവ വിവാഹ വിരുദ്ധ ബില്‍ (anti- child marriage bill) കെട്ടിക്കിടക്കുന്നു.

ശൈശവ വിവാഹ വിരുദ്ധ ബില്ലിന്റെ കരട് രൂപം കഴിഞ്ഞ എട്ട് വര്‍ഷമായി ബലൂചിസ്ഥാന്‍ അസംബ്ലിയുടെ മുമ്പാകെ കെട്ടിക്കിടക്കുകയാണെന്നാണ് ശൈശവ വിവാഹം സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ മീറ്റിങ്ങില്‍ നിയമസഭാംഗം വിശദീകരിച്ചത്.

ചില വിഭാഗങ്ങള്‍ സൃഷ്ടിച്ച തടസങ്ങളാണ് ശൈശവ വിവാഹ വിരുദ്ധ ബില്‍ പാസാക്കുന്നതിലുള്ള കാലതാമസത്തിന് കാരണമെന്ന് നാഷണല്‍ പാര്‍ട്ടി നേതാവ് ഷമ ഇഷാഖ് പറഞ്ഞു.

ബലൂചിസ്ഥാന്റെ നിയമം, പാര്‍ലമെന്ററി അഫയേഴ്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗങ്ങളുടെ പാര്‍ലമെന്ററി സെക്രട്ടറി റുബാബ ഖാന്‍ ബുലേദിയുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം.

ശൈശവ വിവാഹ വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട മത പാര്‍ട്ടികളുടെയും മറ്റ് ചില വിഭാഗങ്ങളുടെയും നിഷേധാത്മക മനോഭാവത്തില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ശൈശവ വിവാഹം സംബന്ധിച്ച പ്രായപരിധിയില്‍ സമവായത്തിലെത്താന്‍ വനിതാ എം.പി.എമാര്‍ (മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ അസംബ്ലി) എല്ലാ ശ്രമങ്ങളും നടത്തി, ബില്ലിനെ പിന്തുണക്കാന്‍ പുരുഷ അംഗങ്ങളോട് ആവശ്യപ്പെട്ടു, എന്നാല്‍ പ്രായപരിധി തീരുമാനിക്കുന്നതില്‍ മത പാര്‍ട്ടികളുടെ നിയമസഭാംഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നെന്നും ബലൂചിസ്ഥാന്‍ അസംബ്ലിയിലെ വനിതാ അംഗങ്ങള്‍ പറഞ്ഞു.

പ്രായപരിധി തീരുമാനിക്കുന്ന വിഷയത്തില്‍ ശൈശവ വിവാഹ ബില്‍ കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് ഐഡിയോളജിയുടെ (സി.ഐ.ഐ) അഭിപ്രായത്തിനായി രണ്ടുതവണ അയച്ചിരുന്നെന്നും റുബാബ ഖാന്‍ ബുലേദിയും പാര്‍ലമെന്റിലെ വനിതാ വികസന സെക്രട്ടറി മഹ്ജബിന്‍ ഷീറനും യോഗത്തെ അറിയിച്ചു.

ശൈശവ വിവാഹം സംബന്ധിച്ച പ്രായപരിധി തീരുമാനിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്താനും അംഗീകാരം നേടുന്നതിനും പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ബലൂചിസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഫൗസിയ ഷഹീനും റുബാബ ഖാന്‍ ബുലേദിയും നിര്‍ദേശിച്ചു.

Content Highlight: anti-child marriage bill has been pending in Pakistan’s Balochistan assembly for the last eight year

Latest Stories

We use cookies to give you the best possible experience. Learn more