തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി കെ. രാധാകൃഷ്ണൻ എം.പി. ജാതി വിരുദ്ധത അംഗീകരിക്കാനാവില്ലെന്നും കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയത് ചട്ടവിരുദ്ധമാണെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.
ജാതിയുടെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ കഴക ജോലികൾക്കായി പത്ത് മാസത്തേക്കാണ് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. വിഷയത്തിൽ കൃത്യമായ ഇടപെടൽ വേണമെന്നും കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റുതന്നെയാണെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. മനുവാദ സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ തന്ത്രിമാരുടെ പ്രതിഷേധം കാരണം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരില്‍ ഓഫീസ് ജോലികളിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗമായതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറ് തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്ന് മുതൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
Content Highlight: Anti-casteism is unacceptable. The removal of the temple’s kazhakakaran is against the law: K. Radhakrishnan