ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും(സി.എ.എ), ദേശീയ പൗരത്വ രജിസ്റ്ററിനും(എന്‍.ആര്‍.സി) എതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തി എന്ന ആരോപണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (തെറ്റായ ആരോപണം, രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമായ പ്രസ്താവം), 505(പൊതുദ്രോഹത്തിനു വഴിയൊരുക്കുന്ന പ്രസ്താവനകള്‍), യു.എ.പി.എയിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് കുറ്റം ചുമത്തിയത്.
ദല്‍ഹി കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം നേരത്തെ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.
2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. യു.എ.പി.എയ്ക്ക് പുറമേ രാജ്യദ്രോഹക്കുറ്റവും (ഐ.പി.സി. 124-എ) ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
2019 ഡിസംബറില്‍ ജാമിയ മിലിയ, അലിഗഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന പേരിലായിരുന്നു ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്. അസം അടക്കമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍തിരിക്കുമെന്ന രീതിയില്‍ പ്രസംഗിച്ചു എന്നായിരുന്നു കേസ്.
ബീഹാര്‍ സ്വദേശിയായ ഇദ്ദേഹത്തെ അവിടെ നിന്നായിരുന്നു ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധസമയത്ത് ജാമിഅ മിലിഅ സര്‍വകലാശാലയില്‍ നടന്ന അക്രമത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ചായിരുന്നു ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ കര്‍ഷിക പ്രതിഷേധത്തിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ ഷര്‍ജീല്‍ ഇമാം അടക്കമുള്ള നിരവധി ആക്ടിവിസ്റ്റുകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും മോചനം ആവശ്യപ്പെട്ടിരുന്നു.
CONTENT HIGHLIGHTS: Anti-CAA protests: Delhi court frames sedition charge against Sharjeel Imam, denies him bai