ന്യൂദല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദിറിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. സമരത്തിന്റെ ഭാഗമായാണ് ബുധനാഴ്ച ജന്തര്‍ മന്ദിറിലേക്ക് ‘ചലോ ജന്തര്‍ മന്ദിര്‍’ എന്ന് പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചില്‍ ജാമിഅ മില്ലിയ, ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാല, ദല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമായി മാറിയ ഷഹീന്‍ബാഗ് ദാദിമാര്‍ (മുത്തശ്ശിമാര്‍) തന്നെയാണ് മാര്‍ച്ച് നയിക്കുക. ജന്തര്‍ മന്ദിറിലെത്തിച്ചേരുന്ന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ഇവര്‍ സംസാരിക്കും. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു മാസത്തിലേറെയായി ഷഹീന്‍ബാഗില്‍ സമരം നടന്നുവരുന്നുണ്ട്.
പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചവയില്‍ ഒന്നാണ് ഷഹീന്‍ബാഗ് സമരം. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് സമരത്തിലേക്ക് എത്തിച്ചേരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയുയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്. രോഹിത് വെമുലയുടെ അമ്മയായ രാധിക വെമുലയും ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജുനൈദിന്റെ അമ്മ സൈറ ബാനുവും ചേര്‍ന്നാണ് പ്രതിഷേധക്കാരോടൊപ്പം പതാകയുയര്‍ത്തിയത്.
2019 ഡിസംബര്‍ 15 ന് കുറച്ച് സ്ത്രീകള്‍ കൂടി ആരംഭിച്ച സമരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രധാന സമരമാര്‍ഗമായി മാറുകയായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ആറാഴ്ചയിലേറെ പിന്നിട്ടിട്ടും തുടരുകയാണ്. വിദ്യാര്‍ത്ഥി നേതാക്കളും സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിച്ചേരുന്നത്.
കഴിഞ്ഞ ദിവസം ഷഹീന്‍ബാഗ് സമരപ്പന്തലിലേക്ക് തോക്കുമായി യുവാക്കളെത്തിയിരുന്നു. സമരം നിര്‍ത്തിപ്പോകണമെന്നും ഇല്ലെങ്കില്‍ മരിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയ ഇവരെ സമരക്കാര്‍ തന്നെ പിടികൂടി മടക്കിയയക്കുകയായിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യുകയെന്നാല്‍ ഷഹീന്‍ബാഗ് സമരക്കാര്‍ക്കെതിരെ വോട്ട് ചെയ്യുക എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ദല്‍ഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ