ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജമാ മസ്ജിദിനു മുന്നില്‍ പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌കാരത്തിനു ശേഷമാണ് ജമാ മസ്ജിദിന്റെ ഒന്നാം ഗേറ്റ് പരിസരത്തു പ്രതിഷേധം നടക്കുന്നത്. കനത്ത സുരക്ഷയ്ക്കിടെയാണു നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കു ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്.
ഇതിനിടെ പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹിയിലെ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതല്‍ കനത്ത നിയന്ത്രണങ്ങളാണ് ദല്‍ഹി പൊലീസ് ആവിഷ്‌കരിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ദല്‍ഹിയിലെ ചാണക്യപുരിയിലുള്ള യു.പി ഭവന്‍ ഉപരോധിക്കാനിരിക്കെയാണിത്.
ജാമിഅ വിദ്യാര്‍ഥികളുടെ സമരത്തിന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷേ സമരത്തില്‍ നിന്ന് എന്തു കാരണവശാലും പിന്മാറില്ലെന്നാണു വിദ്യാര്‍ഥികളുടെ നിലപാട്.
യോഗി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാണു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം. പൊലീസ് വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് അവര്‍ ആരോപിച്ചു.
ഇതിനിടെ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ദല്‍ഹിയിലെ ജോര്‍ബാഗ് പരിസരത്തു പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണു പ്രതിഷേധം.
വെള്ളിയാഴ്ച നമസ്‌കാരത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ യോഗി സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബുലന്ദര്‍, മഥുര, ഗാസിയാബാദ്, ആഗ്ര തുടങ്ങി നിരവധി നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ബുല്‍ദ്ഷഹറില്‍, ഡിസംബര്‍ 28 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഗ്രയില്‍ ഇന്ന് മാത്രമാണ് ഇന്റര്‍നെറ്റിന് നിരോധനം.
&