| Thursday, 2nd January 2020, 1:05 pm

'തമിഴ്‌നാട്ടില്‍ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധം'; സ്‌ക്രീന്‍ഷോട്ട് തെളിവുകളുയര്‍ത്തി ചെന്നൈ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമെന്ന ആരോപണവുമായി ചെന്നൈ പൊലീസ്. പ്രതിഷേധക്കാരില്‍ ചിലരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് ചെന്നൈ പൊലീസിന്റെ ആരോപണം.

പാക്കിസ്ഥാനിലെ അസോസിയേഷന്‍ ഓഫ് സിറ്റിസണ്‍ ജേണലിസ്റ്റ് എന്ന ഫേസ്ബുക്ക് പേജില്‍ ഇവര്‍ അംഗങ്ങളാണെന്നും പ്രതിഷേധക്കാരെ നിരീക്ഷിക്കുകയാണെന്നുമാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

‘കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നല്‍കിയവരും ഇത്തരം ബന്ധമുള്ളവരാണ്. ചില വീട്ടുകാര്‍ ഇവരോടു കോലം എഴുതരുതെന്ന് ആവശ്യപ്പെട്ടതു തര്‍ക്കത്തിലേക്കു വഴിവെച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്,’ പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോലം വരച്ചുള്ള പ്രതിഷേധം വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ തങ്ങളുടെ വീടുകള്‍ക്കു മുന്‍പില്‍ കോലം വരച്ചു പ്രതിഷേധിച്ചിരുന്നു.

വീടിന് മുന്നിലെ കോലത്തിനൊപ്പം പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത നിലയിലുള്ള ചിത്രങ്ങള്‍ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലീസിന്റെ നടപടിയ്‌ക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ മുഴുവന്‍ കോലങ്ങള്‍ നിറയട്ടെയെന്ന കണ്ണന്‍ ഗോപിനാഥനും ആഹ്വാനം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more