ഗുവാഹത്തി: അസമില്‍ പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ പുതിയ പ്രാദേശിക പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയുടെ രൂപീകരണം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ സംഘടനയായ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനിലെ പ്രമുഖ നേതാക്കള്‍ പ്രാദേശിക കക്ഷികളോടും വിദ്യാര്‍ഥി സംഘടനകളോടും പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ ബി.ജെ.പിയ്ക്കും അസം ഗണ പരിഷത്തിനെതിരെയും നിലകൊള്ളാനാണ് പുതിയപാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാം ഒന്നായി കൈകോര്‍ത്ത് നിന്ന് ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ബാലറ്റിലൂടെ മറുപടി നല്‍കണം. പൗരത്വ നിയമഭേഗദതിക്കെതിരെ ഞങ്ങളുമായോ അല്ലാതെ സ്വതന്ത്രമായോ നിന്ന എല്ലാ സംഘടനകളുമായി ചര്‍ച്ച നടത്തും. 2016 ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ നേരേ വിപരീതമാണ് അവര്‍ പൗരത്വ നിയമം പാസാക്കിയതിലൂടെ വ്യക്തമാക്കിയത്- എ.എ.എസ്.യു ജനറല്‍ സെക്രട്ടറി ലുറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തെ പ്രാദേശിക ജനത ഒന്നായി തെരുവിലേക്കിറങ്ങി. എന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് അദ്ദേഹം സൂചന നല്‍കി. ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരെയുള്ള ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രാദേശിക ശക്തിയാകും പുതിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് ഗോഗോയ് വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പൗരത്വഭേഗദതിനിയമത്തിനെതിരെ ശക്തമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാനമാണ് അസം. ഡിസംബര്‍ മുതല്‍ അസമില്‍ ധാരാളം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും ചെയ്തിരുന്നു.