|

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ തറപറ്റിക്കാന്‍ സംസ്ഥാനങ്ങളില്‍ വിശാലസഖ്യങ്ങള്‍ക്ക് കളമൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്കെതിരെ സംസ്ഥാനതലത്തില്‍ സഖ്യങ്ങള്‍ രൂപീകരിക്കാനൊരുങ്ങി പ്രതിപക്ഷപ്പാര്‍ട്ടികള്‍. തെരഞ്ഞടുപ്പു നേരിടാനുള്ള ശക്തിയാര്‍ജ്ജിക്കാനും ബി.ജെ.പിയെ തകര്‍ക്കാനുമുള്ള പദ്ധതികളാണ് സംസ്ഥാന ഘടകങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. 2014ല്‍ ബി.ജെ.പി സഖ്യം വലിയ നേട്ടമുണ്ടാക്കിയ ഏഴു സംസ്ഥാനങ്ങളിലാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് കളമൊരുങ്ങുന്നത്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകള്‍ എല്ലാം ചേര്‍ന്നാല്‍ ആകെയുള്ള ലോക്‌സഭാ സീറ്റുകളുടെ പകുതിയോളമാകും.


Also Read: ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം; സാമൂഹിക പ്രത്യാഘാതം പരിശോധിച്ചേ അറസ്റ്റുണ്ടാകുമെന്ന് ഡി.ജി.പി


തമിഴ്‌നാട്ടിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കിടയിലുള്ള ഭിന്നിപ്പ് മോദിക്ക് ഗുണകരമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് ഒറ്റ സീറ്റിലേ വിജയം കാണാനായിട്ടുള്ളൂവെങ്കിലും 39ല്‍ 37 സീറ്റും നേടി അധികാരത്തിലെത്തിയ എ.ഐ.എ.ഡി.എം.കെ പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പിക്ക് അനൗദ്യോഗിക പിന്തുണ നല്‍കുന്നുണ്ട്.

2004ലെ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ മാതൃകയായിരിക്കും പുതിയ നീക്കത്തിലും പിന്തുടരുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാനായി സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്യാനും പാര്‍ട്ടികള്‍ തയ്യാറാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം മുഖ്യ വോട്ടുഷെയര്‍ എടുക്കുമെന്ന് കരുതപ്പെടുന്നു. കോണ്‍ഗ്രസ്സും ആര്‍.എല്‍.ഡിയും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന് നിശ്ചിത സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസ്സ് കൂടെക്കൂട്ടും. ഇതു വിജയിച്ചാല്‍ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും.


Also Read: ഒഡീഷയില്‍ നിന്നും ഹരിയാനയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് 46 ലക്ഷം; ഗവര്‍ണറോട് വിശദീകരണം തേടി സര്‍ക്കാര്‍


ബീഹാറില്‍ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്സ്, എന്‍.സി.പി എന്നിവര്‍ ശരദ് യാദവിന്റെയും ജിതന്‍ മാഞ്ചിയുടെയും സംഘടനകള്‍ക്കൊപ്പം ചേരാനും സാധ്യതയുണ്ട്. ആര്‍.ജെ.ഡിയായിരിക്കും സഖ്യത്തലപ്പത്ത്. ജാര്‍ഖണ്ഡിലാകട്ടെ ജെ.എം.എം-കോണ്‍ഗ്രസ്സ്-ആര്‍.ജെ.ഡി-മാരാണ്ഡി സഖ്യത്തിനായുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.

കുമാരസ്വാമിയുടെ കര്‍ണാടകയില്‍ ജെ.ഡി.എസ്, കോണ്‍ഗ്രസ്സ് എന്നിവരുടെ കൂട്ടുകെട്ടിലേക്ക് ബി.എസ്.പിയും ചേരുമെന്ന് കരുതപ്പെടുന്നു. ഡി.എം.കെ-കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ തിരിച്ചുവരവാണ് തമിഴ്‌നാട്ടില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും സഖ്യം ചേരാന്‍ തത്വത്തില്‍ ധാരണയായിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.പി.ഐ(ഗവായ്), ആര്‍.പി.ഐ(അംബേദ്കര്‍) സ്വാഭിമാനി പക്ഷ, ബഹുജന്‍ വികാസ് അഗാധി, സി.പി.ഐ.എം, എസ്.പി. എന്നീ ബി.ജെ.പിയിതര പാര്‍ട്ടികളെ ഒന്നിപ്പിച്ചു നിര്‍ത്താനും ശ്രമങ്ങളുണ്ടാകും.


Also Read: ത്രിപുരയില്‍ സന്തോഷം അലയടിക്കുകയാണ്; നിങ്ങളും പങ്കുചേരൂ”: ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ബിപ്ലബ് ദേബിന്റെ മറുപടി


ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസ്സ്-എന്‍.സി കൂട്ടുകെട്ടിന്റെ സാധ്യതകള്‍ ബലപ്പെട്ടതായാണ് പ്രതിപക്ഷത്തിന്റെ നിരീക്ഷണം. കോണ്‍ഗ്രസ്സിന്റെ തീരുമാനം വ്യക്തമല്ലാത്തത് ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ മാത്രമാണ്. എങ്കില്‍പ്പോലും ബംഗാളിലും ബി.ജെ.പിയുടെ ഭാവി ശുഭകരമല്ലെന്നു തന്നെയാണ് വിലയിരുത്തല്‍.