| Saturday, 1st October 2016, 5:33 pm

ഫേസ്ബുക്കില്‍ ദേശവിരുദ്ധ പോസ്റ്റിട്ടെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം സ്വദേശി ഷാഹുല്‍ ഹമീദ് എന്ന ഷാഹു അമ്പലത്തിനെയായിരുന്നു കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചിരുന്നു.


തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു എന്ന പരാതിയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു.

തിരുവനന്തപുരം സ്വദേശി ഷാഹുല്‍ ഹമീദ് എന്ന ഷാഹു അമ്പലത്തിനെയായിരുന്നു വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചിരുന്നു.

ഇന്ത്യന്‍ സൈന്യം പാക്ക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ എതിര്‍ത്ത് സൈന്യത്തെ അവഹേളിക്കുന്ന തരത്തില്‍ ഷാഹുവിന്റെ പേരില്‍ പ്രചരിക്കപ്പെട്ട പോസ്റ്റാണ് വിവാദമായത്. ഇന്ത്യന്‍ സൈന്യത്തിനെതിരായ പോസ്റ്റ് ദേശവിരുദ്ധമാണെന്നും ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രദീപ്കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയാലാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.


തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍സെല്ലിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. ഐ.പി.സി 124 എ രാജ്യദ്രോഹം, സെക്ഷന്‍ 66 എഫ്, ഐ.ടി ആക്ട് പ്രകാരവുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിഴിഞ്ഞം പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഷാഹുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നും ഏതാനും നടപടികള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും വിഴിഞ്ഞം സി.ഐ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചിരുന്നു.

വിവാദമായ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ തന്റേതല്ലെന്നും എഡിറ്റ് ചെയ്ത് ചിലര്‍ ദുഷ്പ്രചാരണം നടത്തുകയായിരുന്നെന്നുമാണ് ഷാഹുപറയുന്നത്. ഇല്ലാത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിടും പോലെയുള്ള പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഷാഹു ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഇന്നലെ മുതല്‍ തന്നെ വീടുകേറി വെട്ടും, വീട്ടുകാരെ മൊത്തം കത്തിക്കും എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയും ഇത്തരത്തില്‍ കടുത്ത പ്രതികരണങ്ങള്‍ നേരിടേണ്ടതായി വന്നു. കാര്യമെന്തെന്നറിയാതിരുന്ന തന്നോട് സുഹൃത്തുക്കളാണ് ഇത്തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കാര്യം പറഞ്ഞതെന്നും ഷാഹുല്‍ വ്യക്തമാക്കി.

തന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഷാഹുല്‍ ഹമീദ് നേമം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണത്തില്‍ മാത്രമെ വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, തങ്ങള്‍ക്കെതിരെ നിരന്തരം ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന യുവാവിനെ ഒതുക്കാന്‍ രാജ്യസ്‌നേഹം മറയാക്കി സംഘപരിവാര്‍ അനുകൂലികളുടെ ഫോട്ടോഷോപ്പ് ശ്രമമാണ് പരാതിക്ക് പിന്നിലെന്ന് ആരോപണമുണ്ട്.

വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കരസേനയുടെ വാര്‍ത്താസമ്മേളനത്തില്‍ പാക്ക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ പറ്റി സൈനിക മേധാവി വിവരം പുറത്തുവിടുന്നത്. ഇതിനു ശേഷമാണ് മിക്ക മാധ്യമങ്ങളിലും ആക്രമണത്തെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത്. അതേസമയം സൈന്യത്തിനെതിരെ എഴുതി എന്ന തരത്തില്‍ ഷാഹുവിന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിലെ സമയം രാവിലെ 10.17 ആണ്. ഇതാണ് ഫോട്ടോഷോപ്പ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.

We use cookies to give you the best possible experience. Learn more