| Monday, 18th March 2019, 7:37 pm

മുഖത്തെ ചുളിവു മാറാന്‍ ചില പൊടിക്കൈകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ ചര്‍മ്മസംരക്ഷണത്തെ അവഗണിക്കുകയാണ് പതിവ്. ഇത് നമ്മുടെ തൊലി പെട്ടെന്ന് ചുളിയാന്‍ ഇടയാക്കും. എന്നാല്‍ അധികം സമയം ചിലവിടാതെ നമ്മുടെ ചര്‍മ്മത്തെ എങ്ങിനെ ചുളിവില്‍ നിന്ന് സംരക്ഷിക്കാം?.നമുക്ക് വീട്ടില്‍ തന്നെ എളുപ്പം ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം

1. ഓയില്‍ മിക്‌സ് മസാജ്
വൈറ്റമിന്‍ ഇ അടങ്ങിയ ഓയില്‍- അര ടീസ്പൂണ്‍
തേന്‍ -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
പനിനീര്‍-അര ടീസ്പൂണ്‍
ഇവ നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുഖത്തെ ചുളിവുകള്‍ എളുപ്പം ഇല്ലാതാക്കാന്‍ സഹായിക്കുന്നു

2. ഉറങ്ങാന്‍ പോകുമ്പോള്‍ മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഏതെങ്കിലും നൗറിഷ് ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. പിന്നീട് സമയം കിട്ടുമ്പോള്‍ പാല്‍പ്പാടയില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തുപുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.

3. സ്ഥിരമായി ചെയ്യേണ്ട മറ്റൊരു ടിപ്‌സാണ് ഇനി പറയുന്നത്.

കുളിക്കുന്നതിന് മുമ്പായി ഏതെങ്കിലും ബേബി ലോഷനോ,ബദാം എണ്ണയോ,വെളിച്ചണ്ണയോ മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. കുളിച്ചുകഴിഞ്ഞാല്‍ മോയ്‌സ്ചുറൈസര്‍ പുരട്ടുകയും ചെയ്യുക. ഇത് പതിവാക്കുന്നത് ചുളിവുകളെ തടയാന്‍ സഹായിക്കും.

4. ചുളിവ് തടയാന്‍ ക്രീം ഉണ്ടാക്കാം

വാസലൈന്‍ -രണ്ട് ടീസ്പൂണ്‍
മുട്ടയുടെ മഞ്ഞക്കരും-ഒന്ന്
തേന്‍ – ഒരു ടീസ്പൂണ്‍
പഴുത്ത അവക്കാഡോ -ഒന്ന്
ഓലിവ് ഓയില്‍/ആല്‍മണ്ട് ഓയില്‍-ഒരു ടേബിള്‍ സ്പൂണ്‍

വാസലൈന്‍ സോഫ്റ്റാകുന്നത് വരെ ചൂടാക്കി കൊണ്ടിരിക്കുക. പിന്നീട് തേന്‍,അവക്കാഡോ,ഓയില്‍ എന്നിവ ചേര്‍ത്ത് ഇളക്കുക . ശേഷം മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ക്കുക. പിന്നീട് ഈ മിശ്രിതം ഒരു കൊച്ചു ജാറിലേക്ക് പകര്‍ന്ന ശേഷം നന്നായി കുലുക്കുക. അഞ്ചുമിനിറ്റെങ്കിലും കഴിഞ്ഞ ശേഷമേ ക്രീം ഉപയോഗിക്കാവൂ. അരമണിക്കൂര്‍ മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം തണുത്ത ജലത്തില്‍ മുഖം കഴുകാം.

We use cookies to give you the best possible experience. Learn more