തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തടഞ്ഞ് സ്വദേശത്തേക്ക് തിരിച്ചയച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇതിന് പിന്നാലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.
ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് 65 കാരനായ ഫിലിപ്പോ ഒസെല്ല തിരുവനന്തപുരത്ത് എത്തിയത്. പുറത്ത് അദ്ദേഹത്തെ കാത്ത് നില്‍ക്കുകയായിരുന്ന സംഘാടകരെ കാണാന്‍ പോലും അനുവദിക്കാതെ അറ്റന്‍ഡര്‍മാര്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു. അധികൃതര്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പരിശോധിച്ചു. ഇതിന് ശേഷമാണ് കാരണം ബോധ്യപ്പെടുത്താതെ വിമാനത്താവള അധികൃതര്‍ അദ്ദേഹത്തോട് ഇന്ത്യയിലേക്ക് കടക്കാന്‍ കഴിയില്ലെന്നും, ഉടന്‍ മടങ്ങണമെന്നും അറിയിച്ചത്.
ഒരു കാരണവും വ്യക്തമാക്കാതെയാണ് തനിക്ക് പ്രവേശനം നിഷേധിച്ചതെന്ന് ഒസെല്ല പറഞ്ഞു.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സൂപ്പര്‍വൈസറും മര്യാദയില്ലാതെയാണ് പെരുമാറിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കാരണമാണ് തന്നെ തിരിച്ചയക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഒസെല്ല പറഞ്ഞു. യു.കെയിലേക്കു മടങ്ങാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യയിലെ സമൂഹങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി ഇടപഴകിയിരുന്ന ഒസെല്ല നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ഒരു സമ്മേളനത്തിനായാണ് എത്തിയത്. മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്ത് വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്ത്യയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ പണ്ഡിതനായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കേരളത്തെയും മലബാറിലെ മുസ്‌ലിങ്ങളെയും കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങള്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചയായിരുന്നു.
CONTENNT HIGHLIGHTS: Anthropologist Filippo Osella Deported After Arriving at Thiruvananthapuram Airport; No Reasons Cited