കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍. തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും അറിയിച്ചിരുന്നു.
കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ട് വൈകാതെ ലഭ്യമാക്കണമെന്നും സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.ആന്തൂരിലെ സാജന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളക്കെതിരെ നടപടി ആലോചനയിലില്ലെന്നും ജയരാജന്‍ പറഞ്ഞു.
ആന്തൂര്‍ നഗരസഭാ പരിധിയിലെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നു പുലര്‍ച്ചെയാണ് പ്രവാസിയായിരുന്ന സാജന്‍ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നാണ് ആരോപണം.
സംഭവത്തില്‍ ഉദ്യോഗസ്ഥരെ ഇന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണമന്ത്രി എ.സി മൊയ്തീന്‍ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു.