| Saturday, 22nd June 2019, 1:20 pm

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു ; വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്ന് ശ്യാമള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയയായ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു. രാജി സന്നദ്ധത അറിയിച്ച് ശ്യാമള ജില്ലാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കുകയായിരുന്നു. സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന് സെക്രട്ടറിയേറ്റില്‍ പൊതുവികാരമുണ്ടായി.

വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും പാര്‍ട്ടിയെ ആക്രമിക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നും പി.കെ ശ്യാമള പ്രതികരിച്ചു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങളോട് പറയുമെന്നാണ് അറിയുന്നത്.

ആന്തൂര്‍ നഗരസഭാധ്യക്ഷയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി കെ ശ്യാമള. വിഷയത്തില്‍ പി കെ ശ്യാമളയുടെ വിശദീകരണം പാര്‍ട്ടി തേടിയിരുന്നു.

ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് സാജന്റെ കുടുംബം ആവശ്യപ്പെടുന്നത്. ആന്തൂര്‍ നഗരസഭാ ഭരണസമിതിയുടെ നടപടികളില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സാജന്റെ ബന്ധുക്കളും ജീവനക്കാരും മൊഴി നല്‍കിയിരുന്നു.

പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടിയില്‍ വലിയ വിവാദമാവുകയും കീഴ്ഘടകങ്ങളില്‍ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാര്‍ട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

എം.വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ത്തന്നെയായിരുന്നു യോഗം. യോഗത്തില്‍ എം.വി ജയരാജനും പി.ജയരാജനും ഒപ്പം പി.കെ ശ്യാമളയും പങ്കെടുത്തിരുന്നു.

പാര്‍ട്ടിയിലെ ഈഗോ പ്രശ്‌നങ്ങളും ചേരിപ്പോരും ഒരു പ്രവാസിയുടെ ആത്മഹത്യയിലെത്തിച്ചെന്നും, സ്വപ്ന പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയിട്ടെന്നും ബി.ജെ.പിയും കോണ്‍ഗ്രസും വ്യാപക പ്രചാരണ വിഷയങ്ങളാക്കുന്നത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് പാര്‍ട്ടിയെ അനാവശ്യമായി പ്രതിരോധത്തിലാക്കുകയായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. ശ്യാമള ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ വിഷയം അവിടെ ചര്‍ച്ച ചെയ്യാമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഇപ്പോള്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ആന്തൂര്‍ വിഷയം ചര്‍ച്ചയാക്കുന്നത്.

സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരസഭ സെക്രട്ടറി കെ.ഗിരീഷ്, അസി.എന്‍ജിനീയര്‍ കെ.കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ ഓഡിറ്റോറിയം നിര്‍മ്മാണം തുടങ്ങിയത്.

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

We use cookies to give you the best possible experience. Learn more