| Thursday, 4th October 2012, 8:54 am

പ്രതിരോധ കരാറുകളിലെ വിവേചനാധികാരം ആന്റണി വേണ്ടെന്നുവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിരോധ കരാറുകളിലെ വിവേചനാധികാരം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി വേണ്ടെന്ന് വെച്ചു. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും സുപ്രധാനമായ അധികാരമാണിത്. പ്രതിരോധ കരാറുകള്‍ സംബന്ധിച്ച് അവസാനതീരുമാനം കൈക്കൊള്ളാനുള്ള വിവേചനാധികാരമാണ് ആന്റണി ഒഴിഞ്ഞത്. []

ഒരു മാസം മുമ്പ് തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രി എടുത്തിട്ടുണ്ടെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. അധികാരം പ്രതിരോധ മന്ത്രി അധ്യക്ഷനായ പ്രതിരോധ സംഭരണ കൗണ്‍സിലിന്  നല്‍കാനാണ് ആന്റണിയുടെ തീരുമാനം.  പ്രതിരോധ മന്ത്രാലയത്തിന് കൂടുതല്‍ സാമ്പത്തിക സുതാര്യത നല്‍കുന്നതിന്റെ ഭാഗമയാണ് ആന്റണി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്.

സാങ്കേതികവ്യതിയാനം സംബന്ധിച്ച തീരുമാനം പൂര്‍ണമായും കൗണ്‍സിലിനാകുന്നതോടെ സുതാര്യത കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ്  പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

പ്രതിരോധകരാറുകളില്‍ വാങ്ങുന്ന ഉത്പന്നങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങളില്‍ മിക്കവാറും വ്യത്യാസങ്ങള്‍ കണ്ടെത്തും. ഇങ്ങനെ വരുമ്പോള്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകണോ വേണ്ടയോ എന്ന തീരുമാനിക്കുക പ്രതിരോധമന്ത്രിയാണ്. കേന്ദ്ര കാബിനറ്റ് പദവിയിലുള്ള ഒരുമന്ത്രിക്കുള്ള അധികാരങ്ങളില്‍ ഏറ്റവും നിര്‍ണായകമായ അധികാരമാണത്. നിലവിലുള്ള ആയുധ ഇടപാട് റദ്ദാക്കാനും അംഗീകരിക്കാനുമുള്ള അധികാരമാണിത്.

കഴിഞ്ഞ പ്രതിരോധ സംഭരണ കൗണ്‍സില്‍ യോഗത്തിലാണ് ആന്റണി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രതിരോധസെക്രട്ടറി, മൂന്ന് സേനാ മേധാവികള്‍, തുടങ്ങി പത്തിലധികം ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് പ്രതിരോധസംഭരണ കൗണ്‍സില്‍. ആന്റണിയുടെ ഈ തീരുമാനത്തോടെ പ്രതിരോധമന്ത്രി ഒരു കരാറിനെ സ്വാധീനിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതായി.

We use cookies to give you the best possible experience. Learn more